പെദ്ധി എന്ന സിനിമയ്‍ക്കു വേണ്ടിയാണ് താരത്തിന്റെ മേയ്‍ക്കോവര്‍.

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗ്ലിമ്പ്സ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. 'പെദ്ധി പെഹൽവാൻ' എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ എത്തുന്ന വീഡിയോ ചർച്ചയാവുന്നത് വീഡിയോയിലെ രാം ചരണിന്റെ അമ്പരപ്പിക്കുന്ന ശാരീരിക പരിവർത്തനം കൊണ്ടാണ്. ഞെട്ടിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഗുസ്തിക്കാരനായ കഥാപാത്രത്തിന് വേണ്ടി രാം ചരൺ തന്റെ ശരീരം രൂപപ്പെടുത്തിയത്. ഇപ്പോഴിതാ, ഹൈദരാബാദ് ടൈംസിന് നൽകിയ അഭിമുഖത്തിൽ രാം ചരൺ നടത്തിയ ബോഡി ട്രാൻസ്ഫോർമേഷനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബുചി ബാബു സന. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ബലിഷ്ഠമായ ശരീരത്തോടെ, കയ്യിൽ വമ്പൻ ഗദയും ഏന്തി, ഗുസ്തിയുടെ മുറകളുമായി എതിരാളികളെ നിലംപരിശാക്കുന്ന രാം ചരണിന്റെ മാസ്സ് സംഘട്ടനത്തിന്റെ ദൃശ്യങ്ങളാണ് ഗ്ലിമ്പ്സ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എട്ടു മാസത്തോളമായി എല്ലാ ദിവസവും മണിക്കൂറുകളോളം പരിശീലനം നടത്തിയാണ് രാം ചരൺ തന്റെ വമ്പൻ ശരീരം ഉണ്ടാക്കിയെടുത്തത് എന്നാണ് ബുചി ബാബു സന വെളിപ്പെടുത്തിയത്. മാത്രമല്ല, അയ്യപ്പ ദീക്ഷ വ്രതം അനുഷ്ഠിക്കുന്നതിനാൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഒന്നും തന്നെ ഉപയോഗിക്കാതെ, മൊത്തമായി വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചാണ് രാം ചരൺ ഈ ശരീരം ഉണ്ടാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. YouTube video player നൂറു ശതമാനം അച്ചടക്കം പുലർത്തിയ ജീവിതചര്യകൊണ്ടാണ് അദ്ദേഹം ഈ ശരീരം ഉണ്ടാക്കിയതെന്നും അതിനൊപ്പം തന്നെ ഗുസ്തിക്കാരുടെ പ്രധാന ആയുധങ്ങളിൽ ഒന്നായ ഗദ ഉപയോഗിക്കാനുള്ള പരിശീലനവും അദ്ദേഹം നേടിയെന്നും സംവിധായകൻ വിശദീകരിച്ചു. ഗുസ്തിക്ക് ഒപ്പം ക്രിക്കറ്റിനും ചിത്രത്തിൽ പ്രാധാന്യം ഉണ്ടെന്നും, രാം ചരൺ കഥാപാത്രം ഏതിലാണ്‌ തന്റെ സ്ഥാനം കണ്ടെത്തുന്നതെന്ന് ചിത്രം കാണുമ്പോൾ മാത്രമേ പ്രേക്ഷകരുടെ മുന്നിൽ വെളിപ്പെടുകയുള്ളു എന്നും സംവിധായകൻ പറയുന്നു. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ "ചികിരി ചികിരി" എന്ന ഗാനവും "റായ് റായ് രാ രാ" എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. അസാധാരണമായ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിലെ ഗാനങ്ങൾ, ഗ്ലിമ്പ്സ് വീഡിയോകൾ, പോസ്റ്ററുകൾ എന്നിവക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക