ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് മരിച്ച ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി നിർമ്മാതാക്കൾ
ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ബംഗാളി സിനിമാ, ടെലിവിഷന്‍ താരം രാഹുല്‍ അരുണോദയ് ബാനര്‍ജി മരിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഭോലേ ബാബ പര്‍ കരേഗ എന്ന ബംഗാളി സീരിയലിന്‍റെ ചിത്രീകരണ സ്ഥലത്ത് മാര്‍ച്ച് 29 നായിരുന്നു സംഭവം. ഒഡീഷയിലെ തല്‍സരി ബീച്ചില്‍ മുങ്ങിമരിക്കുകയായിരുന്നു 43 വയസ് ഉണ്ടായിരുന്ന നടന്‍. ബംഗാളി സിനിമാ, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു രാഹുല്‍ ബാനര്‍ജി. ഇപ്പോഴിതാ നടന്‍റെ മരണത്തില്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം അഭിനയിച്ചിരുന്ന സീരിയലിന്‍റെ നിര്‍മ്മാതാക്കള്‍.
ആ ദിവസത്തെ ചിത്രീകരണത്തിന് ശേഷം വിനോദത്തിനായി കടലിലേക്ക് ഇറങ്ങിയ രാഹുല്‍ ബാനര്‍ജി വെള്ളത്തിന് അടിയിലുള്ള എന്തിലോ കുരുങ്ങുകയായിരുന്നെന്നും അങ്ങനെ മുങ്ങുകയായിരുന്നുവെന്നുമാണ് സഹതാരങ്ങള്‍ പറഞ്ഞിരുന്നത്. ദിഘ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരിച്ചിരുന്നുവെന്നും. എന്നാല്‍ കടലില്‍ നിന്ന് രക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന് ജീവന്‍ ഉണ്ടായിരുന്നെന്നും എന്തോ പറയാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നെന്നും സീരിയലിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തല്‍സരിയിലെ ഒരു ക്ലിനിക്കിലേക്കാണ് അദ്ദേഹത്തെ ആദ്യം കൊണ്ടുപോയതെന്നും എന്നാല്‍ അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ തുടര്‍ന്ന് ദിഘ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് ആള്‍ മരിച്ചിരുന്നുവെന്നും.
വെള്ളത്തിനടിയില്‍ കുറേ നേരം മുങ്ങിക്കിടന്നതിന് ശേഷമാണ് അദ്ദേഹത്തെ രക്ഷിച്ചതെന്ന് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഇവര്‍ പറയുന്നു. അന്വേഷണോദ്യോഗസ്ഥരുമായും നടന്‍റെ കുടുംബവുമായും എല്ലാ തരത്തിലുള്ള സഹകരണത്തിനും തങ്ങള്‍ തയ്യാറാണെന്നും തങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനായ സഹപ്രവര്‍ത്തകനെ മാത്രമല്ല ഒരു സുഹൃത്തിനെക്കൂടിയാണ് നഷ്ടപ്പെട്ടതെന്നും നിര്‍മ്മാതാക്കള്‍ കുറിക്കുന്നു.
അതേസമയം സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ബംഗാള്‍ മോഷന്‍ പിക്ചേഴ്സ് ആര്‍ട്ടിസ്റ്റ്സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്. സീരിയല്‍ ചിത്രീകരണത്തിന് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ നടന്‍റെ അപകട മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ബംഗാളി സിനിമകളില്‍ ക്യാരക്റ്റര്‍ റോളുകളിലൂടെ പ്രശസ്തനായ രാഹുല്‍ ബാനര്‍ജി ഏറെക്കാലമായി സീരിയലുകളിലെയും സജീവ സാന്നിധ്യമാണ്. 2008 ല്‍ പുറത്തിറങ്ങിയ ചിരോദിനി തുമി ജേ അമര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അദ്ദേഹം തുമി അസ്ബെ ബോലേ (2014), സുല്‍ഫിഖര്‍ (2016), ബ്ലോംകേഷ് ഗോത്രോ (2018), ദി അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് (2025) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

