'ലൂസിഫര്‍' തീയേറ്ററുകളില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗമായ 'എമ്പുരാന്‍' പ്രഖ്യാപിക്കപ്പെട്ടത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് 'എമ്പുരാനെ'ന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ എന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക? മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് ഇതേക്കുറിച്ച് പറയുന്നു.

ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയോടാണെന്നും മുരളി തിരക്കഥ എന്ന് കൈമാറുന്നോ ആ തീയ്യതിയില്‍ നിന്ന് ആറാം മാസം താന്‍ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. 'സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. ലൂസിഫറിനേക്കാള്‍ കുറേക്കൂടി പരിശ്രമം വേണ്ട സിനിമയാണ് എമ്പുരാന്‍', പൃഥ്വിരാജ് പറയുന്നു. അതേസമയം പൃഥ്വിരാജിനെ തന്നെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയിലാണ് താനെന്നും അത് പൂര്‍ത്തിയായാലുടന്‍ എമ്പുരാന്റെ എഴുത്ത് ആരംഭിക്കുമെന്നും മുരളി ഗോപിയും പറയുന്നു.

 

അതേസമയം 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ് പൃഥ്വിരാജിന്റേതായി അടുത്ത് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. മലയാളസിനിമയിലെ ഒരു സൂപ്പര്‍താരത്തിന്റെ റോളിലാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്. ഒരു വാഹനപ്രേമി കൂടിയായ ഇദ്ദേഹവും സൂപ്പര്‍താരത്തിന്റെ ആരാധകനായ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും തമ്മിലുള്ള ബന്ധത്തില്‍നിന്നാണ് സിനിമയുടെ പ്രമേയം രൂപപ്പെടുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ അവതരിപ്പിക്കുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ലാല്‍ ജൂനിയര്‍ ആണ്.