ജീത്തു ജോസഫ് ‘ദൃശ്യം’ ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ നായകനാക്കി ആയിരുന്നു
ജീത്തു ജോസഫ് എന്ന് കേട്ടാല്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം എത്തുന്ന സിനിമ ദൃശ്യം ആയിരിക്കും. മോഹന്‍ലാലിനും മലയാള സിനിമയ്ക്ക് തന്നെയും വലിയ വിജയം നേടിക്കൊടുത്ത സിനിമ. എന്നാല്‍ ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെ അവതരിപ്പിക്കാന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ തിരക്കഥയില്‍ തൃപ്തി തോന്നാത്തതിനാല്‍ മമ്മൂട്ടി ചിത്രം ഒഴിവാക്കുകയായിരുന്നെന്ന് ജീത്തു ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം മമ്മൂട്ടിയുമൊത്ത് മറ്റൊരു ജീത്തു ജോസഫ് ചിത്രം ഇതുവരെ സംഭവിച്ചിട്ടുമില്ല. ഈ കൂട്ടുകെട്ട് എന്ന് സംഭവിക്കും എന്നത് ജീത്തു ജോസഫ് അന്ന് മുതല്‍ നേരിടുന്ന ചോദ്യമാണ്. ഇപ്പോഴിതാ അതിനുള്ള മറുപടി പറയുകയാണ് അദ്ദേഹം. താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം വലതുവശത്തെ കള്ളന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീത്തു ജോസഫിന്‍റെ മറുപടി
ഇനി ഒരു പ്രോജക്റ്റുമായി മമ്മൂട്ടിയെ എന്ന് സമീപിക്കും എന്ന ചോദ്യത്തിന് ജീത്തുവിന്‍റെ മറുപടി ഇങ്ങനെ- “ഞാന്‍ എത്ര തവണ പോയതാ. അദ്ദേഹത്തിന് പറ്റുന്ന നല്ല ഒരു ക്യാരക്റ്റര്‍ വന്നാല്‍ ഇനിയും ഞാന്‍ ചെല്ലും. അദ്ദേഹത്തിനും എന്നെ വലിയ കാര്യമാണ്. എനിക്ക് അത് വ്യക്തിപരമായി അറിയാം. നിര്‍ഭാഗ്യകരമായ ചില കാരണങ്ങള്‍ കൊണ്ട് അന്നൊന്നും അത് നടന്നില്ല. അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കാന്‍ പറ്റുന്ന ഒരു ഐറ്റവുമായി ഇനിയും ചെന്നാല്‍ അദ്ദേഹം എന്നെ സ്വീകരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിന് പറ്റിയ ഒരു ഐറ്റം വേണ്ടേ എന്‍റെ കൈയില്‍. അതാണ് പ്രശ്നം”, ജീത്തു ജോസഫ് പറയുന്നു
“ഈയിലെ തെലുങ്കിലും ഹിന്ദിയിലുമൊക്കെ പലരുമായും കൂടിക്കാഴ്ച നടത്തുകയും സബ്ജക്റ്റുകള്‍ സംസാരിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. പലരും ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ മടിക്കുന്നുണ്ട്. മലയാളത്തില്‍ അത്രയും ഇല്ല. എന്നാല്‍ ഇവിടെയും അതുണ്ട്. അവര്‍ക്കൊക്കെ ശരിക്കും ഒരു മോഡലാണ് മമ്മൂക്ക ഇപ്പോള്‍. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. ഒരു ആക്റ്റര്‍ ചെയ്യേണ്ടത് എന്താണ്. ഒരു കഥാപാത്രം എന്താണെന്ന് നോക്കി പെര്‍ഫോം ചെയ്യുക. അത് അദ്ദേഹം കാണിച്ചുകൊടുക്കുകയാണ്. അത് പോസിറ്റീവോ നെഗറ്റീവോ എന്താണെങ്കിലും. അതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിന്‍റെ മാതൃക മറ്റുള്ളവരും പിന്തുടര്‍ന്നാല്‍ നല്ല നല്ല സിനിമകള്‍ ഉണ്ടാവും”, ജീത്തു ജോസഫ് പറഞ്ഞവസാനിപ്പിക്കുന്നു.



