ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ നേരത്തേ ചര്‍ച്ച നടന്നിരുന്നു. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം 'പേരന്‍പിലെ' പ്രകടനത്തിന് മമ്മൂട്ടി പരിഗണിക്കപ്പെടുമെന്നായിരുന്നു ആരാധകരുടെയും പ്രതീക്ഷ. എന്നാല്‍ മമ്മൂട്ടിയുടെ പ്രകടനം ജൂറിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടതേയില്ല. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷമുള്ള സമയത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം ജൂറിക്ക് മുന്നില്‍ ഉന്നയിച്ചു. മികച്ച നടനുള്ള പുരസ്‌കാരത്തിനായി ഏതെങ്കിലും ഘട്ടത്തില്‍ മമ്മൂട്ടി പരിഗണിക്കപ്പെട്ടിരുന്നോ എന്ന വിവരം. എന്നാല്‍ അതിന് നേരിട്ട് മറുപടി പറയാതെയായിരുന്നു ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈലിന്റെ പ്രതികരണം.

ജൂറിയുടെ പ്രതികരണം ഇങ്ങനെ

'ഒരു പ്രത്യേക വ്യക്തിക്ക് എന്തുകൊണ്ട് പുരസ്‌കാരം നല്‍കിയില്ല എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പ്രയാസമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങളിവിടെ അറിയിച്ചത്. ഓരോ മേഖലയിലും മികച്ച ആളുകളെ തെരഞ്ഞെടുക്കുക എളുപ്പമുള്ള ഒരു ജോലിയേ ആയിരുന്നില്ല. മറിച്ച് ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയായിരുന്നു അത്. ഒരാള്‍ക്ക് എന്തുകൊണ്ട് പുരസ്‌കാരം ലഭിച്ചില്ല എന്ന ചര്‍ച്ച തീര്‍ത്തും വിഷയകേന്ദ്രീകൃതമായ ഒന്നാണ്.'

ബോളിവുഡ് ചിത്രങ്ങളായ 'അന്ധാധുനി'ലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കി'ലെ അഭിനയത്തിന് വിക്കി കൗശലിനെയുമാണ് മികച്ച നടന്മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. 'മഹാനടി' എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ കീര്‍ത്തി സുരേഷിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.