മോഹന്‍ലാലോ മമ്മൂട്ടിയോ, 'എമ്പുരാനോ' 'ബസൂക്ക'യോ? ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഫസ്റ്റ് ലുക്ക് ഏത്?
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇരു പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തിറക്കിയത്

സിനിമകളുടെ പ്രീ റിലീസ് പബ്ലിസിറ്റി അണിയറക്കാര്‍ ഇന്ന് ഏറെ സൂക്ഷിച്ച് മാത്രം ചെയ്യുന്ന ഒന്നാണ്. പ്രേക്ഷകശ്രദ്ധ ലഭിക്കാത്ത ചിത്രങ്ങള്‍ക്കും ഇതിനകം ഹൈപ്പ് ലഭിച്ച ചിത്രങ്ങള്‍ക്കുമൊക്കെ വെവ്വേറെ രീതിയിലാണ് വിവേകശാലികളായ നിര്‍മ്മാതാക്കള്‍ പരസ്യം കൊടുക്കുക. ടൈറ്റില്‍ ലുക്ക്, ഫസ്റ്റ് ലുക്ക്, റിലീസ് ഡേറ്റ് അനൗണ്‍സ്‍മെന്‍റ്, ടീസര്‍, ട്രെയ്‍ലര്‍ തുടങ്ങി റിലീസ് വരെ ഒരു ചിത്രത്തിന്റെ പ്രേക്ഷകശ്രദ്ധ നേടുന്ന നിരവധി അപ്ഡേറ്റുകള്‍ ഉണ്ട്. ഇപ്പോഴിതാ മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേടിയ ജനപ്രീതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്.
ലൂസിഫര്‍ രണ്ടാം ഭാഗമായ, പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എമ്പുരാന്‍റെയും നവാഗതനായ ഡിനൊ ഡെന്നിസിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ബസൂക്കയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തെത്തിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് അണിയറക്കാര്‍ ഇവ പുറത്തിറക്കിയത്. ഇതില്‍ എമ്പുരാന്‍റെ പോസ്റ്റര്‍ ദീപാവലി തലേന്നായ 11-ാം തീയതി വൈകിട്ടും ബസൂക്കയുടേത് ദീപാവലി ദിനമായ 12-ാം തീയതി വൈകിട്ടും എത്തി.
മോഹന്‍ലാലും മമ്മൂട്ടിയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ച പോസ്റ്ററുകള്‍ക്ക് ലഭിച്ച റിയാക്ഷന്‍ കൗതുകകരമാണ്. ഫേസ്ബുക്കിലും എക്സിലും എമ്പുരാന്‍ പോസ്റ്ററിനാണ് കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചതെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ലൈക്കുകള്‍ ബസൂക്കയ്ക്ക് ആണ്. ഫേസ്ബുക്കില്‍ എമ്പുരാന്‍ പോസ്റ്ററിന് 63,000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ബസൂക്കയ്ക്ക് ഇതുവരെ ലഭിച്ചത് 46,000 ലൈക്കുകളാണ്. എക്സില്‍ എമ്പുരാന് 18,000, ബസൂക്കയ്ക്ക് 8300. ഇന്‍സ്റ്റഗ്രാമില്‍ എമ്പുരാന് 4.13 ലക്ഷം ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ഒരു ദിവസം കഴിഞ്ഞ് ഇറങ്ങിയ ബസൂക്ക ഫസ്റ്റ് ലുക്കിന് ലഭിച്ചിരിക്കുന്നത് 6.51 ലക്ഷം ലൈക്കുകളാണ്.
എമ്പുരാന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടേ ഉള്ളൂവെങ്കില്‍ ബസൂക്കയിലെ തന്‍റെ ഭാഗങ്ങള്‍ മമ്മൂട്ടി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലൂസിഫറിന്‍റെ തിയറ്റര്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച എമ്പുരാന്‍റെ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് മാത്രമാണ്. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതേസമയം ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ബസൂക്കയില്‍ ഗൗതം വസുദേവ് മേനോന്‍, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യ പിള്ള എന്നിവരാണ് മമ്മൂട്ടിക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക