Asianet News MalayalamAsianet News Malayalam

പൃഥ്വിരാജോ, കുഞ്ചാക്കോ ബോബനോ, അതോ ജഗദീഷോ? 'അമ്മ' നേതൃത്വത്തിൽ തലമുറമാറ്റം വരുമോ?

ഇപ്പോഴത്തെ നിലയിൽ ഇനി മോഹൻലാൽ തലപ്പത്തേക്ക് വരില്ല. മമ്മൂട്ടിക്കും താത്പര്യമില്ല. കാലങ്ങളായി ആവശ്യപ്പെടുന്ന തലമുറമാറ്റം ഇക്കുറി സംഭവിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെയെങ്കിൽ ആദ്യ ചോയിസ് പൃഥ്വിരാജിനായിരിക്കും.

Who lead AMMA Discussion started among actors and actresses about who will be in new management committee
Author
First Published Aug 28, 2024, 10:24 AM IST | Last Updated Aug 28, 2024, 11:42 AM IST

കൊച്ചി:  ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് താരസംഘടയായ 'അമ്മ'. നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ഒരുമാസത്തിലധികം നീളുമെന്നാണ് വിവരം. വിജ്ഞാപനം പുറത്തിറക്കുന്നത് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പണം വരെയുള്ള ഘട്ടങ്ങൾ തന്നെ വേണം ഒരു മാസത്തോളം സമയം. പിന്നീട് അംഗങ്ങൾക്ക് സൗകര്യപ്രദമായ തിയതി നോക്കി 'അമ്മ'യുടെ പൊതുയോഗം വിളിക്കണം. എന്നാൽ മത്സരം നടക്കുന്നുണ്ടെങ്കിൽ രഹസ്യബാലറ്റിലൂടെയാകും തെര‍ഞ്ഞെടുപ്പ് നടക്കുക. 'അമ്മ'യെ ഇനിയാര് നയിക്കുമെന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം. 

അതേസമയം, ഇപ്പോഴത്തെ നിലയിൽ ഇനി മോഹൻലാൽ തലപ്പത്തേക്ക് വരില്ല. മമ്മൂട്ടിക്കും താത്പര്യമില്ല. കാലങ്ങളായി ആവശ്യപ്പെടുന്ന തലമുറമാറ്റം ഇക്കുറി സംഭവിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെയെങ്കിൽ ആദ്യ ചോയിസ് പൃഥ്വിരാജിനായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഹൻലാലടക്കം നിർബന്ധിച്ചിട്ടും തിരക്കുകൾ പറഞ്ഞ് മത്സരത്തിൽ നിന്ന് ഒഴിഞ്ഞ പൃഥ്വി സവിശേഷ സാഹചര്യത്തിൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാകണമെന്ന ആവശ്യം പരസ്യമായി തന്നെ ഉയർന്നു കഴിഞ്ഞു. അടുത്തയാൾ കുഞ്ചാക്കോ ബോബനാണ്. പൊതു സമ്മതനെന്നതാണ് കുഞ്ചാക്കോയുടെ സാധ്യതകൾ വർധിപ്പിക്കുന്നത്. ഇവർ ഇരുവരും ഇനിയും പിൻമാറിയാൽ മുതിർന്ന താരമെന്ന നിലയിൽ ജഗദീഷ് പ്രസിഡൻ്റ് സ്ഥാനത്തേക്കോ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കോ പരിഗണിക്കപ്പെട്ടേക്കാം. അമ്മയുടെ തലപ്പത്തേക്കൊരു വനിത വരണമെന്ന ആവശ്യവും ശക്തമാണ്.

കഴിഞ്ഞ തവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരൻ, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ള
ഇവരൊക്കെ വീണ്ടും മത്സരിക്കാൻ സാധ്യതയുണ്ട്. നിഖില വിമലിനെ പോലെ സജീവമായ യുവ താരങ്ങളും പരിഗണിക്കപ്പെട്ടേക്കാം. മോഹൻലാൽ ഒഴിയുമ്പോൾ, മമ്മൂട്ടി മാറി നിൽക്കുമ്പോൾ പൊതു സമൂഹത്തിലും സംഘടനയ്ക്കുള്ളിലും ഒരു പോലെ തലപൊക്കമുള്ള ഒരാൾ തന്നെ അധ്യക്ഷ പദവിയിലേക്ക് വന്നില്ലെങ്കിൽ സംഘടനയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക അംഗങ്ങൾക്കിടയിലുണ്ട്.

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും; പാർട്ടി നിർദ്ദേശം നൽകിയെന്ന് സൂചന

Latest Videos
Follow Us:
Download App:
  • android
  • ios