അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തോട് പ്രതികരിച്ച് രമേശ് പിഷാരടി

യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ജനവിധി വന്നതിന് ശേഷം പൊതുസമൂഹത്തിന് ഏറ്റവും ആകാംക്ഷയുള്ള കാര്യം അടുത്ത മുഖ്യമന്ത്രി ആരാവും എന്നത് സംബന്ധിച്ചാണ്. പല പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകള്‍ വി ഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ സി വേണു​ഗോപാലിന്‍റെയുമാണ്. അതില്‍ത്തന്നെ സതീശന്‍റെയും ചെന്നിത്തലയുടെയും പേരുകളാണ് സോഷ്യല്‍ മീഡിയയിലടക്കം ഏറ്റവുമധികം കേള്‍ക്കുന്നത്. ഇപ്പോഴിതാ കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് പാലക്കാട് നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നാദിര്‍ഷയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമേശ് പിഷാരടി ഇതിനോട് പ്രതികരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

‘രമേശനോ സതീശനോ, ഇനി? ഈ രമേശന്‍ അല്ല’ എന്നായിരുന്നു നാദിര്‍ഷയുടെ ചോദ്യം. അതിന് രമേശ് പിഷാരടി പറഞ്ഞ മറുപടി ഇങ്ങനെ- “കുറവ് പോലെ ആളുകള്‍ പറയുന്നത് പലതും കൂടുതലുകള്‍ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മള്‍ ഇപ്പോള്‍ മറുപക്ഷത്തുള്ള ഒരു പാര്‍ട്ടിയോട് ചോദിക്കുക. ഇതല്ലായിരുന്നു നിങ്ങളുടെ മുഖ്യമന്ത്രിയെങ്കില്‍ വേറെ ആരാവുമായിരുന്നുവെന്ന് ചോദിച്ചാല്‍ മേളിലോട്ട് നോക്കും. ഉടന്‍ ഒരാളുടെ കൈയില്‍ ഉത്തരം റെഡി മേഡ് ഇല്ല. ഇരുന്ന് ആലോചിക്കേണ്ടിവരും. ഒരാളില്‍ നില്‍ക്കുകയാണ്. പക്ഷേ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒന്നിലധികം ആളുകള്‍ ഉണ്ട് എന്ന് പറയുന്നത് ഒരു പ്ലസ് ആയിട്ടാണ് ഞാന്‍ കാണുന്നത്”, രമേശ് പിഷാരടി പറയുന്നു.

“അത് ഒരു വാര്‍ഡ് മെമ്പര്‍ തൊട്ട് മുഖ്യമന്ത്രി വരെ നിങ്ങള്‍ എവിടെ നോക്കിയാലും എലിജിബിള്‍ ആയ ആളുകളാണ്. ഈ നാല് പേര്‍ തമ്മില്‍ എപ്പോഴും ഒരു ഡിസ്കഷന്‍ ഉണ്ടാവുന്നത് ഇവരെല്ലാവരും എലിജിബിള്‍ ആവുന്നത് കൊണ്ടാണ്. ഇവര്‍ തമ്മില്‍ ഒരു പ്രൊഫൈല്‍ വ്യത്യാസം ഇല്ലല്ലോ. അതൊരു വലിയ പ്ലസ് ആണ്. നമുക്ക് ഒന്നിലധികം ആള്‍ക്കാരുണ്ട്. അത് ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ചര്‍ച്ച ചെയ്യുകയും ചിലപ്പോള്‍ തര്‍ക്കിക്കുകയും ചിലപ്പോള്‍ അതിന്‍റെ പേരില്‍ കുറേയധികം സമയം മാറ്റിവെക്കുകയും ഒക്കെ ചെയ്തിട്ടാണെങ്കിലും ഏറ്റവും ഉചിതമായ ഒരു തീരുമാനത്തിലേക്ക് അത് എത്തിക്കോളും. കുഴപ്പമൊന്നുമില്ല”, രമേശ് പിഷാരടി പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News