പാട്ടില്‍ കടുത്ത മത്സരത്തിൽ ഇവരില്‍ ആരായിരിക്കും ഓസ്‍കര്‍ നേടുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകര്‍- പി ആര്‍ വന്ദന എഴുതുന്നു (Oscars 2022).
മികച്ച ഗാനത്തിനുള്ള ഓസ്‍കർ നോമിനേഷൻ പട്ടികയിൽ ബിയോൺസെയുടെ പേര് ഇതാദ്യം. 28 ഗ്രാമികൾ നിരന്നിരിക്കുന്ന പുരസ്‍കാരത്തട്ടിൽ ഓസ്‍കർ എത്തിക്കുമോ 'കിങ് റിച്ചാർഡി'ലെ ഗാനം 'ബി എലൈവ്' എന്ന ആകാംക്ഷയിലാണ് ഗായികയുടെ ആരാധകർ. ഡിക്സണുമായി ചേർന്നാണ് ഗാനസൃഷ്‍ടി . ബിയോൺസെയുടെ ഗാനം ഇതിനകം തന്നെ ലോകമെമ്പാടും ഹിറ്റാണ് (Oscars 2022).
ഗ്രാമി നേട്ടങ്ങളുടെ റെക്കോഡ് പട്ടികയിൽ ഇടം നേടിയ യുവഗായിക ബില്ലി ഐലിഷിനും ഓസ്‍കർ നോമിനേഷനുണ്ട്. 'ജെയിംസ് ബോണ്ട്' സിനിമയായ 'നോ ടൈം ടു ഡൈ'യിലെ ടൈറ്റിൽ ഗാനമാണ് അവാര്‍ഡിനായി മത്സരിക്കുന്ന ബില്ലിയും സഹോദരൻ ഫിന്നിയസ് ഓ കോണലും ചേർന്നാണ് ഗാനം. 'ബോണ്ട്' സിനിമാശ്രേണിയിൽ നിന്ന് ഇത് ഏഴാംതവണയാണ് ഒരു പാട്ട് മികച്ച ഗാനമാകാൻ മത്സരിക്കുന്നത്.
'ഫോർ ഗുഡ് ഡേയ്‍സ്' എന്ന സിനിമയിലൂടെ 'സം ഹൗ യു ഡു' എന്ന ഗാനവുമായാണ് ഡയാന വാറൻ ഇക്കുറി മത്സരത്തിനെത്തുന്നത്. ഇത് തുടർച്ചയായി അഞ്ചാംതവണയാണ് ഡയാന വാറൻ ഓസ്‍കർ ചുരുക്കപ്പട്ടികയിലെത്തുന്നത്. ആകെയുള്ള പ്രകടനം വെച്ചുനോക്കിയാൽ പതിമൂന്നാംതവണയും. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം വനിത.
ലിൻ മാനുവൽ മിറാൻഡയുടെ ഗാനം ഓസ്‍കർ മത്സര വേദിയിലെത്തുന്നത് ഇത് രണ്ടാംതവണയാണ് .ആദ്യത്തേത് 2017ൽ 'മോനയി'ലെ ഹൗ ഫാര്‍ ഐ വില്‍ ഗോയിലൂടെ. ഇക്കുറി എൻകാന്റോയുടെ ആത്മാവുറങ്ങുന്ന 'ദോസ് ഒറുഗ്വിറ്റാസ്' എന്ന ഗാനത്തിലൂടെ. വൻഹിറ്റായ 'വി ഡോണ്ട് ടോക്ക് എബൗട്ട് ബ്രൂണോ'യ്‍ക്ക് പകരം ഈ പാട്ടെത്തിയത് തന്നെ ചർച്ചയായിരുന്നു. ഇത്തവണ ജേതാവായാല്‍ എമ്മി, ഗ്രാമി, ഓസ്‍കര്‍, ടോണി എന്നിങ്ങനെ വിനോദലോകത്തെ ഏര്റവും പ്രമുഖമായ നാല് പുരസ്‍കാരങ്ങളും (ഇഗോട്ട്) നേടുന്ന പതിനേഴാമത്തെ കലാകാരനാകും മിറാൻഡ.
നോമിനേഷൻ പട്ടികയിലെ അഞ്ചാമൻ വാൻ മോറിസൺ ആണ്. പതിറ്റാണ്ടുകളുടെ കലാജീവിതം. തിളക്കമുള്ള പുരസ്‍കാരപട്ടിക, വിവിധ സംഗീതോപകരണങ്ങളിൽ വൈദഗ്ധ്യം. 'ബെൽഫാസ്റ്റിൽ' ആവിഷ്‍ക്കരിച്ച 'ഡൗണ്‍ ടു ജോയ്' നേടിത്തന്ന ആദ്യ നോമിനേഷൻ ആദ്യ ഓസ്‍കറെത്തിക്കുമോ എന്ന ആകാംക്ഷയിലാണ് മോറിസന്റെ ആരാധകർ.
Read More : ഓസ്‍കർ പ്രഖ്യാപനത്തിന് ഒരാഴ്‍ച മാത്രം, ചരിത്രമാകാൻ പോകുന്ന പുതുമകൾ, ചടങ്ങ് മാർച്ച് 28ന്
മികച്ച പശ്ചാത്തലസംഗീതത്തിനും ഇക്കുറി കടുത്ത മത്സരമാണ്. 'ഡോണ്ട് ലുക്ക് അപ്പി'ലൂടെ നിക്കോളസ് ബ്രിട്ടെൽ, 'ഡ്യൂണി'ലൂടെ ഹൻസ് ഷിമ്മർ, 'എൻകാന്റോ'യിലൂടെ ജെർമെയ്ൻ ഫ്രാങ്കോ, 'പാരലൽ മദേഴ്‍സി'ലൂടെ ആൽബർട്ടോ ഇഗ്ലേസ്യാസ്, 'ദ പവർ ഓഫ് ദ ഡോഗി'ലൂടെ ജോണി ഗ്രീൻവുഡ്. സിനിമയുടെ ആഴവും മികവും പ്രേക്ഷകർക്ക് കൂടുതൽ അനുഭവവേദ്യമാക്കിയ അഞ്ച് പ്രതിഭകൾ. കാത്തിരുന്നു കാണാം കടുത്ത മത്സരത്തിൽ ആരു നേടുമെന്ന്.
