മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ദീപിക അഭിനയിക്കുന്നുണ്ട്

പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ നിന്ന് നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണ്‍ പിന്മാറിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ താരത്തെ പ്രോജക്റ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പ്രതിദിനം എട്ട് മണിക്കൂര്‍ ആയി ജോലിസമയം നിജപ്പെടുത്തുക, കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായ 20 കോടിക്കൊപ്പം ചിത്രത്തിന്‍റെ ലാഭവിഹിതവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ദീപിക മുന്നോട്ടുവച്ചുവെന്നും ഇത് സംവിധായകനെ ചൊടിപ്പിച്ചുവെന്നും ദീപികയ്ക്ക് പകരം മറ്റൊരാളെ വെക്കാന്‍ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തി. എന്നാല്‍ ഇതൊന്നുമല്ല ദീപിക പദുകോണ്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സ്പിരിറ്റില്‍ നിന്ന് പിന്മാറിയതായ വാര്‍ത്തകള്‍ എത്തിയതിന് ഏറെ വൈകാതെ ദീപിക പദുകോണ്‍ മറ്റൊരു ബി​ഗ് ബജറ്റ് ചിത്രത്തിലേക്ക് കരാര്‍ ആയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തനിക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നിയ ഈ അവസരം തന്നെയാണ് സ്പിരിറ്റ് ഒഴിവാക്കാന്‍ ദീപികയെ പ്രേരിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹം​ഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റ് ക്ലാഷ് കാരണം രണ്ട് ചിത്രങ്ങളും ദീപികയ്ക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് സ്പിരിറ്റ് ഒഴിവാക്കി അല്ലു- ആറ്റ്ലി ചിത്രം കമ്മിറ്റ് ചെയ്യാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

കാര്യം നേരെ പറയാതെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ദീപിക തടസവാദങ്ങളായി ദീപിക ഉന്നയിക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭാസിനൊപ്പം വിജയചിത്രമായ കല്‍ക്കി 2898 എഡിയില്‍ ദീപിക അഭിനയിച്ചിട്ടുണ്ട്. അല്ലു അര്‍ജുനൊപ്പം അഭിനയിച്ചിട്ടില്ലതാനും. അല്ലു അര്‍ജുന്‍റെ 22-ാമത്തെയും ആറ്റ്ലിയുടെ ആറാമത്തേതുമായ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍‌ പിക്ചേഴ്സ് ആണ്. അതേസമയം മറ്റ് ചില പ്രധാന നായികാ താരങ്ങളും ചിത്രത്തില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് അത്, എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക.

VS Achuthanandan | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | VS