'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ഏഴാമത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. താരപദവിയും പ്രതിച്ഛായയും മറന്ന്, അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിനാണ് പുരസ്കാരം.

ഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. ആരാധകരുടെ പ്രിയപ്പെട്ട 'മമ്മൂക്ക'. പല വേഷങ്ങൾ, ഭാഷകൾ, പല മൊഴിഭേദം എന്നിങ്ങനെ മമ്മൂട്ടി എന്ന നടൻ മലയാള സിനിമാസ്വാദകരെ ഓരോ നിമിഷവും അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഒട്ടനവധി സിനിമകൾ സമ്മാനിച്ച അദ്ദേഹം ഇന്ന് മലയാളികുടെ പ്രിയപ്പെട്ട 'മമ്മൂട്ടി ചേട്ടനാണ്'. ഓരോ സിനിമകൾ കഴിയുംന്തോറും സ്വയം പുതുക്കി മുന്നേറുന്ന താരരാജാവ്.

അഞ്ചര പതിറ്റാണ്ടിനിടയിൽ മലയാളികൾ മമ്മൂട്ടിയെ ഏറെ മിസ് ചെയ്ത നാളുകളായിരുന്നു കഴിഞ്ഞ എട്ട് മാസക്കാലം. ഒടുവിൽ പൂർവ്വാധികം പ്രസരിപ്പോടെ അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ ഓരോ മലയാളികളുടെയും ആരാധകന്റെയും ഉള്ളിൽ സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. ആ സന്തോഷത്തിന് മാറ്റ് കൂട്ടുന്നതായിരുന്നു 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം.

ഭ്രമയു​ഗം എന്ന ചിത്രത്തിലെ മറ്റാർക്കും പകർന്നാടാനാകാത്ത പ്രകടനം കൊണ്ട് ഏഴാമത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും മമ്മൂട്ടി സ്വന്തമാക്കിയിരിക്കുകയാണ്. 'മികച്ച നടൻ; മലയാളത്തിന്‍റെ മഹാ നടൻ മമ്മൂട്ടി. പ്രിയപ്പെട്ട മമ്മൂക്ക', എന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ച് കൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ആ വാക്കുകൾ ഓരോ മമ്മൂട്ടി ആരാധകന്റെയും ഉള്ളിലും അലയടിച്ചു. അതെ മലയാളത്തിന്റെ 'മഹാ നടൻ മമ്മൂക്ക'. താരപദവിയും പ്രതിച്ഛയായും മറന്ന അഭിനയമാണ് മികച്ച നടനിലേക്ക് മമ്മൂട്ടിയെ അടുപ്പിച്ചതെന്നാണ് ജൂറിയുടെ വിലയിരുത്തൽ.

"കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് അവാഹിച്ച് കൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്, താരപദവിയും പ്രതിച്ഛയായും മറന്ന്, ഉടലിനെ അഭിനയ പരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായക വേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക്" ആണ് പുരസ്കാരം എന്നായിരുന്നു ജൂറിയുടെ പരാമർശം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും മമ്മൂട്ടിയ്ക്ക് പുരസ്കാരമായി ലഭിക്കും.

കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നവംബർ 27ന് ചിത്രം തിയറ്ററുകളിൽ എത്തും. വില്ലൻ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പകർന്നാട്ടത്തിന്റെ മറ്റൊരു വേഷപ്പകർച്ചക്കായി കാത്തിരിക്കുകയാണ് ഓരോ സിനിമാസ്വാദകരും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്