കുട്ടിക്കാലം മുതൽ താൻ അനുഭവിച്ച പ്രതിസന്ധി അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു
മിനിസ്ക്രീൻ പ്രക്ഷകർക്ക് സുപരിചിതയായ നടിയാണ് മായ കൃഷ്ണ. സൂപ്പർ ഹിറ്റായ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായാണ് മായ ടെലിവിഷനിലേക്ക് എത്തുന്നത്. പിന്നീട് കോമഡി പരിപാടികളിലൂടെ ശ്രദ്ധ നേടുകയായിരുന്നു. കോമഡി ഫെസ്റ്റിവൽ അടക്കമുള്ള വിവിധ കോമഡി ഷോകളിൽ ഗംഭീര പ്രകടനം നടത്തി മായ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിലും സീരിയലിലുമൊക്കെ സജീവമാണ് താരം. ഏകദേശം എട്ടോളം സിനിമകളിൽ മായ ഇതിനകം അഭിനയിച്ചിട്ടുമുണ്ട്. കനൽപൂവ് എന്ന പരമ്പയിലാണ് നടി നിലവിൽ അഭിനയിക്കുന്നത്.
കുട്ടിക്കാലം മുതൽ താൻ അനുഭവിച്ച പ്രതിസന്ധി അടുത്തിടെ താരം നടി സരിത ബാലകൃഷ്ണന്റെ യുട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ, അമ്മയെക്കുറിച്ചും നടി പറയുകയാണ്. "ആരെങ്കിലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ ചിലപ്പോൾ അത് (വിവാഹത്തെക്കുറിച്ച്) ഗൗരവമായി ആലോചിച്ചേക്കും, പക്ഷെ അമ്മയെ നോക്കുന്ന ആളായിരിക്കണം. അമ്മ അത്രയും കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. അവർ പ്രണവിവാഹം ചെയ്തവര്‍ ആയിരുന്നു. ഒന്നരക്കൊല്ലം അവർ ഒരുമിച്ചായിരുന്നു. എന്നാൽ എന്നെ പ്രസവിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ച് പോവുകയായിരുന്നു", മായ പറയുന്നു.
"അച്ഛൻ പോയതോടെ അമ്മയെ നോക്കാൻ ആരുമില്ലാതെയായി. പ്രണയിച്ചു വിവാഹിതരായത് കൊണ്ട് വീട്ടിൽ നിന്നും ആരും പിന്തുണയായി ഒപ്പമുണ്ടായിരുന്നില്ല. അച്ഛൻ ഉപേക്ഷിച്ച് പോയതാണ് എന്ന് പോലും അമ്മയ്ക്ക് മനസിലായില്ല. ജോലി കിട്ടി പോയതാണ്, വരുമെന്ന പ്രതീക്ഷയിലാണ് അമ്മ ജീവിച്ചത്. പ്രസവസമയത്ത് പോലും ആരും ഉണ്ടായിരുന്നില്ല, അതിനു ശേഷം അച്ഛൻ വന്നിട്ടില്ല. അച്ഛനെ ഞാൻ കണ്ടിട്ടില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അയാൾ വേറെ വിവാഹം കഴിച്ചതായി അറിഞ്ഞു," മായ പറയുന്നു.
"വിവാഹം കഴിക്കാത്തത് എന്തെങ്കിലും പ്രണയം കാരണമാണോ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. എന്നാൽ അമ്മയുടെ ജീവിതം കണ്ടുവന്നതുകൊണ്ട് തനിക്ക് വിവാഹത്തോട് അൽപം പേടിയുണ്ട്". അതാണ് കാരണമെന്നും മായ പറയുന്നു.
