ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തില്‍ അതിഥിതാരമായി വിജയ് എത്തുമെന്ന് ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് കാര്യമായ പ്രചരണമുണ്ടായിരുന്നു

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടുകയാണ്. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റമായിരുന്നു ചിത്രം. ജവാന് മുന്‍പ് ആറ്റ്ലി ഒരുക്കിയ നാല് തമിഴ് ചിത്രങ്ങളില്‍ മൂന്നിലും നായകന്‍ വിജയ് ആയിരുന്നു. ആയതിനാല്‍ത്തന്നെ എസ്ആര്‍കെ നായകനാവുന്ന ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തില്‍ അതിഥിതാരമായി വിജയ് എത്തുമെന്ന് ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് കാര്യമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ഇപ്പോഴിതാ, അത്തരമൊരു അതിഥിവേഷം സംഭവിക്കാനിരുന്നതിന് കാരണം വിശദീകരിക്കുകയാണ് ആറ്റ്ലി. ജവാനില്‍ ഒരു അതിഥിവേഷം ചെയ്യാമോ എന്ന് വിജയിയോട് ചോദിക്കാതിരുന്നതിന് കാരണം പറയുകയാണ് സംവിധായകന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആറ്റ്ലിയുടെ പ്രതികരണം.

ജവാനില്‍ വിജയിയുടെ അതിഥിവേഷം ഉണ്ടെന്ന് പ്രചരിച്ചിരുന്നുവെന്നും ഇരുവരും ഒരുമിച്ചെത്തുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം സംഭവിക്കുമോ എന്നുമായിരുന്നു അവതാരകന്‍റെ ചോദ്യം. ആറ്റ്ലിയുടെ മറുപടി ഇങ്ങനെ- "നിങ്ങളുടെ ചോദ്യത്തിലുണ്ട് എന്‍റെ ഉത്തരം. അതുകൊണ്ടാണ് അദ്ദേഹത്തോട് ജവാനില്‍ ഒരു അതിഥിവേഷം ഞാന്‍ ആവശ്യപ്പെടാതിരുന്നത്. രണ്ട് പേരെയും മുന്നില്‍ കണ്ട് ഞാന്‍ ഒരു തിരക്കഥ എഴുതും. കരിയറില്‍ ഏറ്റവും മികച്ച വിജയങ്ങള്‍ നല്‍കിയത് അവര്‍ രണ്ടുപേരുമാണ്. ഒരു ദിവസം അത്തരമൊരു തിരക്കഥ സംഭവിക്കും. അവരെ രണ്ടുപേരെയും ഒരു ചിത്രത്തില്‍ അവതരിപ്പിക്കാന്‍ എനിക്ക് ഏറെ ആ​ഗ്രഹമുണ്ട്", ആറ്റ്ലി പറയുന്നു.

അത്തരമൊരു ചിത്രം വന്നാല്‍ 1500 കോടി കളക്റ്റ് ചെയ്യുമെന്ന് പറയുന്ന അവതാരകനോട് അതിനേക്കാള്‍ വരുമെന്നാണ് സംവിധായകന്‍റെ മറുപടി. വിജയ് നായകനാവുന്ന ചിത്രം തീര്‍ച്ഛയായും സംഭവിക്കുമെന്നും അദ്ദേഹം തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും ആറ്റ്ലി പറയുന്നുണ്ട്. അതേസമയം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 700 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ഇതിനകം ജവാന്‍.

ALSO READ : 'രണ്ട്, മൂന്ന് സിനിമകള്‍ എനിക്ക് സംവിധാനം ചെയ്യണം'; ഭാവി പരിപാടികളെക്കുറിച്ച് വിനായകന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ