ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്ന് കങ്കണ. 

കങ്കണ റണൗട്ടിനെ കുറിച്ചുള്ള വിക്കിപീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടെന്ന് ആരോപണം. കങ്കണ റണൗട് തന്നെയാണ് ഇക്കാര്യത്തില്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിക്കിപീഡിയ പൂര്‍ണമായും ഇടതുപക്ഷക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് കങ്കണ റണൗട് പറയുന്നത്. ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നാണ് കങ്കണ പറയുന്നത്.

വിക്കിപീഡിയ പൂർണ്ണമായും ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തിരിക്കുന്നു. എന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും, എന്റെ ജന്മദിനവും ഉയരവും, പശ്ചാത്തലവും എല്ലാം തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എത്ര തിരുത്താൻ ശ്രമിച്ചാലും അത് വീണ്ടും വളച്ചൊടിക്കും. നിരവധി റേഡിയോ ചാനലുകളും ഫാൻസ് ക്ലബുകളും അഭ്യുദയകാംക്ഷികളും മാര്‍ച്ച് 20ന് ജന്മദിന ആശംസകള്‍ അയക്കാൻ തുടങ്ങും. ജന്മദിനം മാര്‍ച്ച് 20നാണ് എന്ന് വിക്കിപീഡിയില്‍ പറയുന്നതിനാല്‍ പലരും ആശയക്കുഴപ്പത്തിലാണ്. പക്ഷേ ഞാൻ 23നാണ് ജന്മദിനം ആഘോഷിക്കുന്നത്, അന്നാണ് എന്റെ ജന്മദിനം എന്നും കങ്കണ പറയുന്നു.

'എമര്‍ജൻസി' എന്ന ചിത്രമാണ് കങ്കണ റണൗടിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. കങ്കണ സ്വന്തം സംവിധാനത്തില്‍ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്. കങ്കണ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രമെന്ന നിലയില്‍ 'എമര്‍ജൻസി'ക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസി'യുടെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്‍ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്‍തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്‍കി. ജി വി പ്രകാശ് കുമാര്‍ സം​ഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും.

Read More: ‘അനക്ക്​ എന്തിന്‍റെ കേടാ’ വരുന്നു; പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തില്‍