ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം
ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം. ഐഎഫ്എഫ്കെയില്‍ എത്തുന്നതിന് മുന്‍പ് ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായത് വഴിയും ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജിയോ മാമി ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പങ്കെടുത്ത ചലച്ചിത്രമേളകളിലെല്ലാം വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രം ഐഎഫ്എഫ്കെയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും നേടിയിരുന്നു. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെല്ലാം മികച്ച പ്രതികരണം നേടിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് ചിത്രങ്ങള്‍ക്ക് തിയറ്റര്‍ റിലീസില്‍ പലപ്പോഴും ലഭിക്കുന്നതുപോലെയുള്ള പ്രതികരണമല്ല ആട്ടത്തിന് ലഭിക്കുന്നത് എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്. മികച്ച തിരക്കഥയും ഗംഭീര പ്രകടനങ്ങളുമാണ് ചിത്രത്തിന്‍റേതെന്ന് പൊതു അഭിപ്രായം. ഒരു നാടകസംഘത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സരിന്‍ ഷിഹാബ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന നാടകത്തില്‍ നിന്നുള്ള അഭിനേതാക്കള്‍ക്കും കൈയടി ലഭിക്കുന്നുണ്ട്. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്ന് അഭിപ്രായം വന്നതോടെ ചിത്രം ഈ വര്‍ഷത്തെ ആദ്യ മലയാളം ഹിറ്റ് ആയേക്കാനുള്ള സൂചനയാണ് മനസിലാക്കാനാവുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളിലെ തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസിൽ സി ജെയും പ്രൊഡക്ഷൻ ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് വിപിൻ നായരാണ്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടർ.

