മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രമായ 'റാം' വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതിൻ്റെ കാരണങ്ങൾ സംവിധായകൻ വെളിപ്പെടുത്തുന്നു
ദൃശ്യം ഫ്രാഞ്ചൈസി അടക്കം ഇന്‍ഡസ്ട്രിക്ക് പല ഹിറ്റുകളും സമ്മാനിച്ച കൂട്ടുകെട്ടാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ വരേണ്ട ഏറ്റവും വലിയ ബജറ്റ് ഉള്ള ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. നിര്‍മ്മാതാവിന്‍റെ സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് സാഹചര്യവുമൊക്കെ വിദേശ ലൊക്കേഷനുകളുള്ള ഈ ചിത്രം പൂര്‍ത്തിയാവാത്തതിന് കാരണമായിരുന്നു. ദൃശ്യം 3 വിജയമായതിന് പിന്നാലെ റാം ഏറ്റെടുക്കാന്‍ ഒരു നിര്‍മ്മാണ കമ്പനി താല്‍പര്യമറിയിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന്‍റെ സത്യാവസ്ഥയെക്കുറിച്ച് ജീത്തു ജോസഫ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തുവിന്‍റെ പ്രതികരണം.
മറ്റൊരു നിര്‍മ്മാണ കമ്പനി റാം ഏറ്റെടുക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത കേട്ടല്ലോ എന്ന ചോദ്യത്തിന് ജീത്തു ജോസഫിന്‍റെ മറുപടി ഇങ്ങനെ- “ആ വാര്‍ത്ത ഞാനും കേട്ടു. പക്ഷേ എനിക്ക് അതിനെ സംബന്ധിച്ച് വിവരമൊന്നുമില്ല. ഈ വാര്‍ത്ത കണ്ട് ആന്‍റണിയെ ഞാന്‍ വിളിച്ചിരുന്നു. ചിത്രം സംബന്ധിച്ച് ഒരു ഗ്രൂപ്പുമായി സംസാരിച്ചുവെന്ന് പറഞ്ഞു. ചിലപ്പോള്‍ അവര്‍ ചിത്രം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടാവും. എനിക്ക് അറിയില്ല. നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല”, ജീത്തുവിന്‍റെ മറുപടി. ചിത്രം ഇനി പൂര്‍ത്തിയാക്കണമെങ്കില്‍ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും ജീത്തു ജോസഫ് വിശദീകരിക്കുന്നു.
“ഇതുവരെ ചിത്രീകരിച്ചതെല്ലാം റീ ഷൂട്ട് ചെയ്യാന്‍ പറ്റില്ല. മോഹന്‍ലാലിന്‍റെയും ഒരു പ്രധാന സ്ത്രീ കഥാപാത്രത്തിന്‍റെയും ഒഴികെ മറ്റ് അഭിനേതാക്കളുടെ സീനുകളെല്ലാം ഇതിനകം എടുത്തുകഴിഞ്ഞു. എന്നാല്‍ ഇനി ചിത്രീകരിച്ച് തുടങ്ങേണ്ട ചില കഥാപാത്രങ്ങള്‍ ഉണ്ട്. ഒരു ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടെ ഒരു നടിക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ക്ക് യുകെയിലെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നത്. ഒരു വനത്തില്‍ വച്ച് ഉള്ളതായിരുന്നു ഫൈറ്റ് സീക്വന്‍സ്. നാല് ഋതുക്കളാണ് യൂറോപ്പില്‍ ഉള്ളത്. ചിത്രം ഇനി പൂര്‍ത്തിയാക്കണമെങ്കില്‍ അതേ സീസണില്‍ത്തന്നെ അവിടെ പോകണം. അതല്ലെങ്കില്‍ ആ ഫൈറ്റ് സീക്വന്‍സ് മുഴുവനായും റീഷൂട്ട് ചെയ്യണം. മൊറോക്കോ ഷെഡ്യൂള്‍ കഴിഞ്ഞ് യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാമെന്ന് കരുതിയാണ് ഞങ്ങള്‍ പോയത്. പക്ഷേ അപ്പോഴേക്ക് നിര്‍മ്മാതാവിന് ചില സാമ്പത്തിക പ്രതിസന്ധികള്‍ വന്നു. റാം പുനനാരംഭിക്കുക അത്ര എളുപ്പമല്ല. പക്ഷേ ചെയ്യാന്‍ സാധിക്കും. ആറ് വര്‍ഷത്തെ ഇടവേളയായി ഇപ്പോള്‍. ചിത്രം ഇനി നടന്നാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നുണ്ട് എനിക്ക്. ആറ് വര്‍ഷം മുന്‍പ് സിനിമകള്‍ വേറെ തരത്തിലായിരുന്നു. വലിയ സിനിമകള്‍ മലയാളത്തില്‍ ഇതിനകം വന്നുകഴിഞ്ഞു. നിര്‍മ്മാതാക്കള്‍ ഒരുപാട് പണം ഈ സിനിമയില്‍ ഇറക്കിയിട്ടുണ്ട്. അവര്‍ എന്തുകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാത്തതെന്ന് എനിക്ക് അറിയില്ല. ചില ഇഷ്യൂസ് ഉണ്ട്. എനിക്ക് മാധ്യമങ്ങളോട് പറയാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട്”, ജീത്തു ജോസഫ് പറഞ്ഞവസാനിപ്പിക്കുന്നു.

