നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ഏഴ് കടൽ ഏഴ് മലൈയുടെ റിലീസ് തീയതി പുറത്തുവിട്ടു. ഒക്ടോബര്‍ 1 ന് ലോകവ്യാപകമായി ചിത്രം തിയറ്ററുകളില്‍ എത്തും. പൂര്‍ത്തിയായി രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തുന്നത്. 2024 മെയ് 15 ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് ഇത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.
റോട്ടർഡാമിൽ 'ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ' എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലി. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഏകാംബരം.
പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. മറ്റ് സാങ്കേതിക പ്രവർത്തകർ: ചിത്രസംയോജനം മതി വി എസ്, വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി സാൻഡി, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
സംവിധാനത്തില്‍ തന്‍റേതായ കൈയൊപ്പ് ചാര്‍ത്തിയ സംവിധായകനാണ് റാം. പേരന്‍പില്‍ റാമിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ലഭിച്ചത്. റാമിന്‍റെ ഫ്രെയ്മില്‍ നിവിന്‍ പോളി എങ്ങനെ ഉണ്ടാവുമെന്നത് മലയാളി സിനിമാപ്രേമികളുടെയും കൗതുകമാണ്.

