'ബ്രോ ഡാഡി' ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസിലൂടെ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

ഈ മാസം 25 മുതല്‍ സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നലെയാണ് എത്തിയത്. എന്നാല്‍ വലിയ മുതല്‍മുടക്കുള്ള സിനിമകള്‍ തിയറ്ററുകളിലെ പ്രേക്ഷകപങ്കാളിത്തം നോക്കിയിട്ടേ റിലീസ് തീരുമാനിക്കൂ. താരചിത്രങ്ങളുള്‍പ്പെടെ ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയാണ് മലയാളത്തിലും പോയ മാസങ്ങളില്‍ എത്തിക്കൊണ്ടിരുന്നത്. പല വരാനിരിക്കുന്ന പല ചിത്രങ്ങളും ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഒന്നായിരുന്നു പൃഥ്വിരാജിന്‍റെ (Prithviraj Sukumaran) രണ്ടാമത്തെ സംവിധാന സംരംഭമായ 'ബ്രോ ഡാഡി' (Bro Daddy). ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) എത്തുമെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍ തിയറ്റര്‍ റിലീസിനു പിന്നാലെയുള്ള ഒടിടി റിലീസ് ആയിരിക്കും ഇതെന്നും സിനിമാപ്രേമികളില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ചിത്രം തിയറ്റര്‍ റിലീസ് ആയിരിക്കുമോ? ഈ ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) എത്തുന്ന തന്‍റെ പുതിയ ചിത്രം 'ഭ്രമ'ത്തിന്‍റെ (Bhramam) പ്രൊമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്‍റെ പ്രതികരണം.

"അത് ബ്രോ ഡാഡിയുടെ നിര്‍മ്മാതാവ് തീരുമാനിക്കേണ്ട കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് ആണോ ഒടിടി റിലീസ് ആണോ എന്നതിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് പരമാവധി ആളുകള്‍ക്ക് കാണാന്‍ കഴിയുന്നത് ഏതിലാണോ അങ്ങനെ റിലീസ് ചെയ്യപ്പെടണമെന്നാണ്. എങ്ങനെ വേണമെങ്കിലും ആവട്ടെ. അത് സംബന്ധിച്ച് നിര്‍മ്മാതാവിന്‍റെ തീരുമാനം എന്താണോ, അതിലെനിക്ക് യാതൊരു പരാതിയുമില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സിനിമ കാണാന്‍ പറ്റണം. ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്‍റെ ആഗ്രഹം അതാണ്", പൃഥ്വിരാജ് പറഞ്ഞു.

ബ്രോ ഡാഡി ഡയറക്റ്റ് ഒടിടി റിലീസ് ആവാന്‍ സാധ്യതയുണ്ടെന്ന് ചില ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാളം ഒടിടി മാര്‍ക്കറ്റിലേക്കുള്ള കടന്നുവരവിന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ സജ്ജമാണെന്നും പ്ലാറ്റ്‍ഫോമിലൂടെ ബ്രോ ഡാഡി പ്രീമിയറിന് സാധ്യതയുണ്ടെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു. 'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആറാം തീയതി അവസാനിച്ചിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. 

YouTube video player