മുംബൈ: താന്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് തയ്യാറെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. കേസില്‍ മുംബൈ പൊലീസുമായി സഹകരിക്കാന്‍ സന്തോഷമുണ്ടെന്നും കങ്കണ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള വൈദ്യപരിശോധനയ്ക്കും ഫോണ്‍ കോള്‍ പരിശോധന നടത്തുന്നതിനും തയ്യാറാണെന്നും കങ്കണ അറിയിച്ചു. മാത്രമ്ലല, മയക്കുമരുന്ന് മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ എന്നന്നേക്കുമായി മുംബൈ വിടുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

''മുംബൈ പൊലീസുമായി സഹകരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അനില്‍ ദേശ്മുഖ്, എന്റെ മയക്കുമരുന്ന് പരിശോധന നടത്തണം, എന്റെ ഫോണ്‍ കോളുകളില്‍ അന്വേഷണം നടത്തണം. നിങ്ങള്‍ക്ക്, മയക്കുമരുന്ന് മാഫിയയും ഞാനുമായുള്ള ബന്ധം കണ്ടെത്താനായാല്‍ എന്റെ തെറ്റുകള്‍ സമ്മതിച്ച് ഞാന്‍ എന്നന്നേക്കുമായി മുംബൈ വിടും..'' മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ ട്വീറ്റിന് മറുപടിയായി കങ്കണ കുറിച്ചു.

കങ്കണയുടെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍ മുമ്പ് നല്‍കിയ അഭിമുഖത്തില്‍ താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു. തന്നോട് മയക്കുമരുന്ന് ഉപയോഗിക്കാന്‍ കങ്കണ ആവശ്യപ്പെട്ടിരുന്നുവെന്നാണ് സുമന്‍ ആരോപിച്ചത്. ഈ അഭിമുഖം വീണ്ടും പ്രചരിച്ചതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കങ്കണയ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് അനില്‍ ദേശ്മുഖാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഭാഗമാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് സുമന്‍ പറഞ്ഞു.