തിരുവനന്തപുരം: സാമൂഹ്യപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമിയെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി രജനീകാന്ത്. പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ല. 1971 ലെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയത്. അതില്‍ ഉറച്ച് നിൽക്കുന്നുവെന്നും രജനീകാന്ത് പ്രതികരിച്ചു.

അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1971 ൽ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയിരുന്നു എന്ന താരത്തിന്‍റെ പ്രസ്താവനയാണ് വിവാദമായത്. ജനുവരി 14ന് ചെന്നൈയിൽവച്ച് നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷ പരിപാടിയില്‍ വെച്ചായിരുന്നു രജനികാന്തിന്‍റെ പ്രതികരണം.

പെരിയാറെ അപമാനിച്ചെന്ന് ആരോപണം; മധുരയില്‍ രജനീകാന്തിന്‍റെ കോലം കത്തിച്ചു...

പിന്നാലെ പെരിയാറെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) രംഗത്തെത്തി. രജനീകാന്ത് പെരിയാറിനെ അധിക്ഷേപിച്ചുവെന്ന് വ്യക്തമാക്കി കോയമ്പത്തൂർ പൊലീസ് കമ്മീഷണർ ഡിവികെ പ്രവര്‍ത്തകന്‍ പരാതിയും നല്‍കിയിട്ടുണ്ട്. മധുരയില്‍  ഇന്നലെ രജനീകാന്തിന്‍റെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പുപറയില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് സൂപ്പര്‍ സ്റ്റാറിന്‍റെ ഇപ്പോഴത്തെ പ്രതികരണം.