മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ‘ഓപറേഷന്‍ സിന്ദൂര്‍’ ഉപേക്ഷിച്ചോ? മേജര്‍ രവിയുടെ പ്രതികരണം

മലയാളത്തില്‍ പട്ടാള സിനിമകള്‍ക്ക് പുതിയൊരു മുഖം നല്‍കിയ സംവിധായകനാണ് മേജര്‍ രവി. കീര്‍ത്തിചക്രയും കുരുക്ഷേത്രയുമൊക്കെ ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. ഈ ചിത്രങ്ങളടക്കം മേജര്‍ രവിയുടെ ഏറ്റവുമധികം സിനിമകളില്‍ നായകനായത് മോ​ഹന്‍ലാല്‍ ആണ്. തന്‍റെ അടുത്ത ചിത്രത്തില്‍ വീണ്ടും മോഹന്‍ലാല്‍ നായകനാകുമെന്നും ഓപറേഷന്‍ സിന്ദൂര്‍ ആസ്പദമാക്കിയുള്ള ചിത്രം ആയിരിക്കും അതെന്നും മേജര്‍ രവി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം യാഥാര്‍ഥ്യമാവുന്നതിന് തടസമായി നില്‍ക്കുന്ന ചില പ്രാക്റ്റിക്കല്‍ കാരണങ്ങളെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. സമീപകാലത്ത് ഈ പ്രോജക്റ്റിനെക്കുറിച്ച് അപ്ഡേഷനുകളൊന്നും എത്താഞ്ഞതിനാല്‍ ഇത് ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നും സോഷ്യല്‍ മീഡിയ സിനിമാ​ഗ്രൂപ്പുകളില്‍ പലപ്പോഴായി പ്രചരിച്ചിരുന്നു. ഓപറേഷന്‍ സിന്ദൂര്‍ സിനിമയെ സംബന്ധിച്ച് ഇതാണോ സത്യം? ഇപ്പോഴിതാ മേജര്‍ രവി തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. മേക്ക് സെന്‍സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ഇനിയിപ്പോള്‍ അത് തുറന്നങ്ങ് പറയാം. എന്നോട് ലാല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അണ്ണാ. ഋഷഭ പോലെയുള്ള എന്‍റെ രണ്ട് മൂന്ന് പടങ്ങള്‍ തുടങ്ങിവച്ചിട്ട് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നല്ലൊരു പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ അത് തുടങ്ങരുത് എന്ന്. ശരിയെന്ന് ഞാനും പറഞ്ഞു. ഞാന്‍ നാല് മാസമായിട്ട് ലാലുമായിട്ട് ഈ പടത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല. പക്ഷേ ഞാന്‍ എന്‍റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇടയിലും അത് നടത്തിയിരുന്നു. സ്റ്റോറിയെല്ലാം ബോള്‍ഡ് ആക്കി, പട്ടാളത്തിന്‍റെ പെര്‍മിഷന്‍ എടുത്തു, എല്ലാം ക്ലിയര്‍ ആക്കി. ഇപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പ്രൊഡ്യൂസര്‍ വന്നിട്ടുണ്ട്. കന്നഡയില്‍ നിന്നാണ് വരുന്നത്. ഞങ്ങള്‍ ഈ പ്രോജക്റ്റ് ചെയ്യും. കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതുപോലെയല്ല. ഈ സിനിമ വന്നിരിക്കും. മനുഷ്യത്വത്തിന്‍റെ ഒരു കഥ അതില്‍ ഉണ്ടാവും. ഒപ്പം പ്രതികാരത്തിന്‍റെ ഒരു പീക്കും”, മേജര്‍ രവി പറയുന്നു.

മോഹന്‍ലാല്‍ തന്നെ നായകനായ 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രമാണ് മേജര്‍ രവി അവസാനം സംവിധാനം ചെയ്തത്. ഇത് 2017 ലാണ് പുറത്തെത്തിയത്. കരിയറില്‍ ആകെ 10 ചിത്രങ്ങളാണ് മേജര്‍ രവി സംവിധാനം ചെയ്തിട്ടുള്ളത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു മേജര്‍ രവി.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്