വാഴ 2 ന്‍റെ വൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരാണെന്ന ചർച്ചകൾ സജീവമാണ്

മലയാളത്തില്‍ ഇപ്പോള്‍ സീക്വലുകളുടെ വിജയകാലമാണ്. മുന്‍ ചിത്രങ്ങളുടെ മൂന്ന് തുടര്‍ച്ചകളാണ് അടുത്തിടെ മലയാളത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയത്. ആട് 3, വാഴ 2, മോഹിനിയാട്ടം എന്നിവയാണ് അത്. ഇതില്‍ വാഴ 2 തരംഗം തീര്‍ക്കുമ്പോള്‍ത്തന്നെ അതിന്‍റെ മൂന്നാം ഭാഗത്തിന്‍റെ സൂചനയും അണിയറക്കാര്‍ നല്‍‌കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം മൂന്നാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരായിരിക്കുമെന്നത് സിനിമാപ്രേമികളുടെ വലിയ കൌതുകങ്ങളില്‍ ഒന്നാണ്. റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ അഭിനേതാക്കളാണ് ആദ്യ രണ്ട് ഭാഗങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എന്നതിനാല്‍ മൂന്നാം ഭാഗത്തിലും ആ മേഖലയില്‍ നിന്ന് എത്തുന്ന പ്രശസ്തരാവും വാഴ 3 ലെ പ്രധാന താരങ്ങളെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ വാഴ 3 ല്‍ നിങ്ങളാണോ പ്രധാന താരങ്ങള്‍ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ ബ്രാഞ്ച് എന്ന പേരില്‍ കോണ്ടെന്‍റ് ക്രിയേറ്റ് ചെയ്യുന്ന താരങ്ങള്‍.

വാഴ 3 നിങ്ങളുടെ കഥയാണെന്ന് പ്രേക്ഷകര്‍ പറയുന്നല്ലോ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് പാന്‍ ഇന്ത്യന്‍ ബ്രാഞ്ച് ടീമിലെ നിതിന്‍ പരമേശ്വറിന്‍റെ പ്രതികരണം. ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ആഗ്രഹമില്ലാതെ ഇരിക്കില്ലല്ലോ എന്ന് പ്രതികരണം. തങ്ങളുടെ ടീം അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ പൂജ ചടങ്ങില്‍ വച്ചാണ് പാന്‍ ഇന്ത്യന്‍ ബ്രാഞ്ച് താരങ്ങളുടെ പ്രതികരണം. വാഴ 2 ലെ ഒരു സീനില്‍ പാന്‍ ഇന്ത്യന്‍ ബ്രാഞ്ചിലെ ശരത്ത് എ എല്‍ അഭിനയിച്ചിരുന്നു. വാഴ 3 ല്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് ശരത്തിന്‍റെയും പ്രതികരണം.

അതേസമയം മറ്റൊരു ശ്രദ്ധേയ ചിത്രവും ഇവരുടേതായി വരാനുണ്ട്. ടൊവിനോ, ബേസില്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതിരടി എന്ന ചിത്രമാണ് അത്. പാന്‍ ഇന്ത്യന്‍ ബ്രാഞ്ച് താരങ്ങളുടെ ആദ്യ സിനിമയുമാണ് ഇത്. ആദ്യ ചിത്രം തന്നെ ഇത്തരത്തില്‍ വലിയ ഒരു ക്രൂവിനൊപ്പം കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് നിതിന്‍ പരമേശ്വറിന്‍റെ പ്രതികരണം. റീല്‍സ് കണ്ടിട്ട് ബേസില്‍ ആണ് തങ്ങളെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും നിതിന്‍ പറഞ്ഞു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News