മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും സംവിധായകന്‍ ക്രിസ്റ്റഫര്‍ മക് ക്വാറി ഒരു അഭിമുഖത്തില്‍ അത് വ്യക്തമാക്കിയെന്നുമൊക്കെയായിരുന്നു ട്വിറ്ററിലെ പ്രചരണം

ഹോളിവുഡ് ഫിലിം സിരീസുകളില്‍ ലോകമെമ്പാടും ആരാധകരുള്ള ഒന്നാണ് മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍. ടോം ക്രൂസ് നായകനായി ഇതുവരെ പുറത്തെത്തിയ ആറ് ചിത്രങ്ങള്‍ ബോക്സ് ഓഫീസിലും ശ്രദ്ധേയ വിജയങ്ങളായിരുന്നു. അഞ്ച് സംവിധായകരാണ് ഈ ആറ് ഭാഗങ്ങള്‍ ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച മിഷന്‍ ഇംപോസിബിള്‍ 7 സംവിധാനം ചെയ്യുന്നത് സിരീസിലെ കഴിഞ്ഞ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ മക് ക്വാറിയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കാസ്റ്റിംഗിനെക്കുറിച്ചുള്ള പ്രചരണമാണ് ട്വിറ്ററില്‍ സജീവ ചര്‍ച്ച. തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും ഇത് സ്ഥിരീകരിച്ച വിവരമാണെന്നുമായിരുന്നു പ്രചരണം.

മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും സംവിധായകന്‍ ക്രിസ്റ്റഫര്‍ മക് ക്വാറി ഒരു അഭിമുഖത്തില്‍ അത് വ്യക്തമാക്കിയെന്നുമൊക്കെയായിരുന്നു ട്വിറ്ററിലെ പ്രചരണം. രാധേശ്യാമിന്‍റെ ഇറ്റലി ഷെഡ്യൂളിനായി എത്തിയ പ്രഭാസിനോട് മക് ക്വാറി ചിത്രത്തിന്‍റെ കഥയും കഥാപാത്രവും വിശദീകരിക്കുകയായിരുന്നെന്നും പ്രഭാസ് ഉടന്‍ സമ്മതം മൂളിയെന്നുമൊക്കെ പ്രചരണം നീണ്ടു. തുടര്‍ന്ന് 'മിഷന്‍ ഇംപോസിബിള്‍ 7' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. എന്നാല്‍ സാക്ഷാല്‍ ക്രിസ്റ്റഫര്‍ മക് ക്വാറി തന്നെ ഇതിനു വിശദീകരണവുമായി രംഗത്തെത്തി.

മിഷന്‍ ഇംപോസിബിള്‌ 7 ട്രെന്‍ഡിംഗ് ടോപ്പിക് ആയതിനു പിന്നാലെ ലോകേഷ് വല്ലപുറെഡ്ഡി എന്നയാള്‍ ക്രിസ്റ്റഫര്‍ മക് ക്വാറിയെ ടാഗ് ചെയ്‍ത് പ്രചരണത്തിലെ സത്യാവസ്ഥ ആരായുകയായിരുന്നു. മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അത് ശരിയാണോ എന്നുമായിരുന്നു ചോദ്യം. എന്നാല്‍ പ്രചരണം വ്യാജമാണെന്ന തരത്തിലായിരുന്നു ക്രിസ്റ്റഫര്‍ മക് ക്വാറിയുടെ പ്രതികരണം. "അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്‍റര്‍നെറ്റിലേക്ക് സ്വാഗതം", എന്നായിരുന്നു മക് ക്വാറിയുടെ മറുപടി.

അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന് പൂര്‍ത്തിയാക്കാനുള്ളത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാര്‍, രാധാകൃഷ്‍ണ കുമാറിന്‍റെ പിരീഡ് റൊമാന്‍റിക് ഡ്രാമ രാധേ ശ്യാം, നാഗ് അശ്വിന്‍റെ ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്തിന്‍റെ ബഹുഭാഷാ മിത്തോശജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. ബാഹുബലിയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിക്കുന്ന താരമായിരിക്കുകയാണ് പ്രഭാസ്.