സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ബന്ധുവിന്‍റെ പ്രതികരണം

തെലുങ്ക് സിനിമയിലെ ക്രോണിക് ബാച്ച്‍ലര്‍മാരില്‍ ഒരാളാണ് സൂപ്പര്‍താരം പ്രഭാസ്. ആരാധകര്‍ തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ പലരുമായും ചേര്‍ത്ത് പ്രഭാസിന്‍റെ വിവാഹ വാര്‍ത്തകള്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും യാഥാര്‍ഥ്യമായില്ലെന്ന് മാത്രം. എന്നിരിക്കിലും ഇടയ്ക്കിടെ പ്രഭാസിന്‍റെ വിവാഹം എപ്പോഴെന്ന കാര്യം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. പ്രഭാസിന്‍റെ ഒരു അടുത്ത ബന്ധുവിന്‍റെ ഇത് സംബന്ധിച്ച കമന്‍റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

പ്രഭാസിന്‍റെ അമ്മായി ശ്യാമളാ ദേവിയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വേ​ഗത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ശിവ ഭാ​ഗവാന്‍റെ അനു​ഗ്രഹം ഉണ്ടാവുമ്പോള്‍ പ്രഭാസ് വിവാഹം കഴിക്കുമെന്നാണ് അവര്‍ പറഞ്ഞത്. കുടുംബം അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശിവഭ​ഗവാന്‍റെ അനു​ഗ്രഹത്തോടെ അത് വേ​ഗത്തില്‍ നടക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച പുതിയ ഔദ്യോ​ഗിക പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്‍റെ ആരാധകര്‍.

കല്‍ക്കി 2898 എഡിക്ക് ശേഷം പ്രഭാസിന്‍റേതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ദി രാജാസാബ് ആണ്. അതിനിടെ വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ റിലീസ് കണ്ണപ്പയില്‍ അതിഥിവേഷത്തിലും എത്തിയിരുന്നു പ്രഭാസ്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി രാജാസാബ് ഹൊറര്‍- ഫാന്‍റസി ​ഗണത്തില്‍ പെടുന്ന ഒന്നാണ്.

ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്താൻ ഒരുങ്ങുന്നതെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. തമൻ എസ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കാർത്തിക് പളനിയാണ്. ഫൗജി, സ്പിരിറ്റ്, സലാര്‍ പാര്‍ട്ട് 2 എന്നിവയാണ് പ്രഭാസിന്‍റെ അപ്കമിം​ഗ് ലൈനപ്പിലെ മറ്റ് ചിത്രങ്ങള്‍.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News