Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ മുടങ്ങി; 'രണ്ടാമൂഴം' ഇനി ബി​ഗ് സ്ക്രീനിലേക്ക് എത്തുമോ? അശ്വതി വി നായര്‍ പറയുന്നു

"നടന്നുകാണാന്‍ അച്ഛനും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത്"

will randamoozham to be made as a movie Aswathy V Nair daughter of mt vasudevan nair answers
Author
First Published Aug 15, 2024, 12:33 PM IST | Last Updated Aug 15, 2024, 12:33 PM IST

മലയാളി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു രണ്ടാമൂഴം. തന്‍റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി എം ടി വാസുദേവന്‍ നായര്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം വി എ ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ചിത്രം നീണ്ടുപോയത് ഇരുവര്‍ക്കുമിടയിലെ നിയമത്തര്‍ക്കത്തിലാണ് അവസാനിച്ചത്. എന്നാല്‍ ഈ തിരക്കഥ സിനിമയാവണമെന്ന് അച്ഛന്‍ ഏറെ ആ​ഗ്രഹിക്കുന്ന ഒന്നാണെന്ന് എംടിയുടെ മകള്‍ അശ്വതി വി നായര്‍ പറയുന്നു. എംടിയുടെ രചനകളെ ആസ്പദമാക്കി ഒരുങ്ങിയ മനോരഥങ്ങള്‍ എന്ന ആന്തോളജിയുടെ റിലീസിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇതേക്കുറിച്ച് പറയുന്നത്. 

"നടന്നുകാണാന്‍ അച്ഛനും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് രണ്ടാമൂഴം. ഞാന്‍ അതിനുള്ള ശ്രമത്തിലാണ്. മനോരഥങ്ങള്‍ ചെയ്തതിലൂടെ ഒരു ധൈര്യം വന്നിട്ടുണ്ട്. എക്സിക്യൂഷന്‍ ഭാഗത്ത് നിന്ന് നമുക്ക് ഇത് സപ്പോര്‍ട്ട് ചെയ്ത് കൊടുക്കാന്‍ പറ്റും എന്നുള്ള ഒരു ധൈര്യമുണ്ട്. കഴിഞ്ഞ ഒരു ആറ് മാസമായിട്ട് രണ്ടാമൂഴം പല പ്രൊഡക്ഷന്‍ ഹൗസുകളുമായും നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ഛയായും അത് ചെയ്യണം എന്നത് തന്നെയാണ് ആഗ്രഹം. ചെയ്യാന്‍ പറ്റും എന്ന് വിചാരിക്കുന്നു", അശ്വതി പറയുന്നു.

അതേസമയം മനോരഥങ്ങള്‍ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ഒരുക്കുന്ന 9 ചിത്രങ്ങളാണ് ഈ ആന്തോളജി സിരീസില്‍ ഉള്ളത്. പ്രിയദര്‍ശന്‍ (രണ്ട് ചിത്രങ്ങള്‍), ശ്യാമപ്രസാദ്, രഞ്ജിത്ത്, അശ്വതി വി നായര്‍, മഹേഷ് നാരായണന്‍, ജയരാജ്, സന്തോഷ് ശിവന്‍, രതീഷ്  അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ആസിഫ് അലി, നദിയ മൊയ്തു, നെടുമുടി വേണു, സിദ്ദിഖ്, ഇന്ദ്രജിത്ത് സുകുമാരന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിരയും ഈ ആന്തോളജിയുടെ ആകര്‍ഷണമാണ്. 

ALSO READ : തിയറ്ററുകളിലെ സ്വാതന്ത്ര്യദിനം ആര് നേടും? പ്രേക്ഷകരെ തേടി ഈ വാരം 9 സിനിമകള്‍

Latest Videos
Follow Us:
Download App:
  • android
  • ios