ഹോളിവുഡ് താരം വിൽ സ്മിത്ത് ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ' എന്ന ചിത്രത്തിലെ പ്രധാന വേഷം നിരസിച്ചതായി വെളിപ്പെടുത്തി.
മുംബൈ: ഹോളിവുഡ് സൂപ്പർതാരം വിൽ സ്മിത്ത് തന്‍റെ കരിയറില്‍ സംഭവിച്ച വലിയൊരു നഷ്ടത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വാര്‍ത്തകളില്‍ നിറയുകയാണ്. ക്രിസ്റ്റഫർ നോളന്‍ സംവിധാനം ചെയ്ത ഹിറ്റ് ചലച്ചിത്രം ‘ഇൻസെപ്ഷൻ’(2010) തനിക്ക് വാഗ്ദാനം ചെയ്ത പടമാണെന്നും, എന്നാൽ താൻ അത് നിരസിച്ചുവെന്നും വില്‍ സ്മിത്ത് വെളിപ്പെടുത്തി. ഈ തീരുമാനത്തില്‍ ഇപ്പോൾ തനിക്ക് വലിയ ഖേദമുണ്ടാക്കുന്നുവെന്ന് സ്മിത്ത് ഒരു യുകെ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.
‘ഇൻസെപ്ഷൻ’ എന്ന ചിത്രം സ്വപ്നങ്ങളുടെ പശ്ചാത്തലത്തിൽ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ്. ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ഡോം കോബ് എന്ന കഥാപാത്രം, ആളുകളുടെ സ്വപ്നങ്ങളില്‍ കടന്നുചെല്ലാന്‍ കഴിയുന്ന വ്യക്തിയായാണ് ഇതില്‍ അഭിനയിച്ചത്. ഈ വേഷം ആദ്യം നോളൻ വിൽ സ്മിത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കഥയുടെ മനസ്സിലാകാത്തതിനാൽ താൻ ഈ അവസരം നിരസിച്ചതായി സ്മിത്ത് സമ്മതിച്ചു.
“ക്രിസ്റ്റഫർ നോളൻ ‘ഇൻസെപ്ഷൻ’ എനിക്ക് വാഗ്ദാനം ചെയ്തു, പക്ഷേ എനിക്ക് കഥ പൂർണമായി മനസ്സിലായില്ല, സ്വപ്നങ്ങളുടെയും യാഥാർഥ്യങ്ങളുടെയും ഇടയിൽ നീങ്ങുന്ന കഥകൾ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. അത് ഒരാള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുക എളുപ്പമല്ല,” സ്മിത്ത് കൂട്ടിച്ചേർത്തു. ‘ഇൻസെപ്ഷൻ’ മാത്രമല്ല‘ദി മാട്രിക്സ്’ എന്ന മറ്റൊരു ബ്ലോക്ബസ്റ്റർ ചിത്രവും താൻ നിരസിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. “എന്റെ കരിയറിൽ ഞാൻ ചില തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്” എന്നാണ് ഈ രണ്ട് ചിത്രങ്ങള്‍ നഷ്ടപ്പെട്ടതിലെ സ്മിത്ത് തമാശരൂപേണ പറഞ്ഞത്.
‘ഇൻസെപ്ഷൻ’ ഒരു ആഗോള വിജയ ചിത്രമായിരുന്നു, ഒപ്പം ഇന്നും കള്‍ട്ട് ക്ലാസിക് പദവിയുള്ള ചിത്രമാണ്. 800 മില്യൺ ഡോളറിലധികം ബോക്സ് ഓഫീസിൽ നേടിയിരുന്നു ഈ പടം. ഒപ്പം നാല് ഓസ്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കി. ലിയോനാർഡോ ഡികാപ്രിയോയുടെ അഭിനയവും നോളന്റെ സംവിധാന മികവും വലിയ ചര്‍ച്ചയാണ് ഇന്നും സിനിമ ലോകത്ത് ഉണ്ടാക്കുന്നത്.
വിൽ സ്മിത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘മെൻ ഇൻ ബ്ലാക്ക്’, ‘പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്’, 'ഐ ആം ലെജന്‍റ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തന്‍റെ പ്രതിഭ തെളിയിച്ച അഭിനേതാവാണ് വില്‍ സ്മിത്ത്. എന്നാൽ, ‘ഇൻസെപ്ഷൻ’ പോലൊരു ചിത്രം നഷ്ടമായത് ആരാധകർക്കും അദ്ദേഹത്തിനും ഒരുപോലെ ഒരു ചെറിയ നഷ്ടമായി തോന്നുന്നുണ്ട് എന്നാണ് പുതിയ വെളിപ്പെടുത്തല്‍ വെളിവാക്കുന്നത്.


