രണ്ട് തമിഴ് ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രചരണങ്ങള്‍ ഏതാനും ദിവസങ്ങളായി ട്വിറ്ററില്‍ സജീവമാണ്. വിജയ്, വടിവേലു എന്നിവരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചാണ് ട്വിറ്ററില്‍ 'സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും' ആരാധകാഭിപ്രായങ്ങളും പ്രചരിച്ചത്. രണ്ട് താരങ്ങളും ബിജെപിയിലേക്ക് വരാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു ട്വീറ്റുകളില്‍ ഏറെയും. എന്നാല്‍ വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും എന്നാല്‍ ബിജെപിയുമായി തങ്ങള്‍ക്ക് ഒരു രീതിയിലും യോജിച്ചുപോവാന്‍ ആവില്ലെന്നുമായിരുന്നു ചന്ദ്രശേഖറിന്‍റെ പ്രതികരണം. തമിഴ് ചാനലായ പുതിയ തലമുറൈ ടിവിക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോഴിതാ വടിവേലുവും തന്നെക്കുറിച്ചുള്ള പ്രചരണത്തിന് വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് വടിവേലു ഇക്കാര്യം വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയത്തിലേക്ക് പുനപ്രവേശനം നടത്താന്‍ തനിക്ക് പദ്ധതിയില്ലെന്നുമാണ് വടിവേലു പറയുന്നത്. 2011ലെ തമിഴ്‍നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചരണവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ പിന്നീട് അദ്ദേഹം രാഷ്ട്രീയ വേദികളില്‍ നിന്ന് ഏറെക്കുറെ അകലം പാലിച്ചു നില്‍ക്കുകയാണ്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമയിലും സജീവമല്ല വടിവേലു. വിജയ് നായകനായി 2017ല്‍ പുറത്തെത്തിയ 'മെര്‍സല്‍' ആണ് അദ്ദേഹത്തിന്‍റേതായി തീയേറ്ററുകളിലെത്തിയ അവസാന ചിത്രം. കമല്‍ഹാസന്‍റേതായി വരാനിരിക്കുന്ന 'തലൈവന്‍ ഇരുക്കിറാനി'ല്‍ വടിവേലുവിന് വേഷമുണ്ട്.