മുംബൈ: ബോളിവുഡ് നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യക്കെതിരെ ഗുരുതര പരാതിയുമായി വനിതാ സഹായി രംഗത്ത്. തന്നെ നിര്‍ബന്ധിപ്പിച്ച് അശ്ലീല വിഡിയോ കാണിക്കാറുണ്ടെന്ന് യുവതി ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. എപ്പോള്‍ ഇയാളുടെ ഓഫിസില്‍ സന്ദര്‍ശിച്ചാലും തന്നെ നിര്‍ബന്ധത്തോടെ പോണ്‍ വീഡിയോ കാണിക്കുമെന്ന് 33കാരിയായ യുവതി പരാതിയില്‍ പറയുന്നു. ഗണേഷ് ആചാര്യയുടെ രണ്ട് വനിതാ അസിസ്റ്റന്‍റുമാര്‍ക്കെതിരെയും യുവതി പരാതിപ്പെട്ടു. 

മുംബൈ അന്ധേരിയില്‍ ഞായറാഴ്ച ഇന്‍ഡ്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഗണേഷ് ആചാര്യ, ജയശ്രീ കേല്‍കര്‍, പ്രീതി ലാഡ് എന്നിവര്‍ തന്നെ അപമാനിച്ചു. ജോലി ചെയ്യുന്നതിന് ഗണേഷ് ആചാര്യ കമ്മീഷന്‍ വാങ്ങിയെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ അംബോലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ഗണേഷ് ആചാര്യ.

ജനുവരി 26ന് സംഘടനയുടെ ഓഫിസിലെത്തിയ യുവതിയോട് ഗണേഷ് ആചാര്യ ആക്രോശിച്ചെന്നും സസ്പെന്‍ഡ് ചെയ്തെന്ന് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. ജയശ്രീ കേല്‍കറും പ്രീതിയും ജനമധ്യത്തില്‍ തന്നെ മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗണേഷ് ആചാര്യ പ്രതികരിച്ചിട്ടില്ല. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പദ്മാവത്, ഭാഗി2, സഞ്ജു, സീറോ, സിംബ, ബാജിറാവു മസ്താനി തുടങ്ങിയ സിനിമകളുടെ കൊറിയോഗ്രാഫറാണ് ഗണേഷ് ആചാര്യ.