എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും സ്ത്രീകൾക്ക് മുൻഗണന നൽകിയുള്ള അഞ്ചംഗ സമിതികളുണ്ടാകും. ഈ സമിതിയാകും പരാതികൾ സ്വീകരിക്കുക. പിന്നീടിത് ചർച്ച ചെയ്ത് സംസ്ഥാനതല മേൽനോട്ട സമിതിക്ക് കൈമാറും.

തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ സ്ത്രീ സുരക്ഷയ്ക്കായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ ഉടൻ നടപ്പിലാക്കുമെന്ന് സിനിമാ സംഘടനകൾ. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വിളിച്ചുചേർത്ത പ്രത്യേക സിറ്റിങ്ങിലാണ് സംഘടനാ പ്രതിനിധികളുടെ ഉറപ്പ്. മേൽനോട്ടത്തിന് സംസ്ഥാനതലത്തിൽ സമിതി രൂപീകരിക്കും.

എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും സ്ത്രീകൾക്ക് മുൻഗണന നൽകിയുള്ള അഞ്ചംഗ സമിതികളുണ്ടാകും. ഈ സമിതിയാകും പരാതികൾ സ്വീകരിക്കുക. പിന്നീടിത് ചർച്ച ചെയ്ത് സംസ്ഥാനതല മേൽനോട്ട സമിതിക്ക് കൈമാറും. അവിടെ നിന്നാണ് ആവശ്യമെങ്കിൽ നിയമനടപടികൾക്കായി പൊലീസിന് കൈമാറുക. നിലവിൽ രജിസ്റ്റർ ചെയ്തു ഷൂട്ടിങ് തുടങ്ങുന്ന സിനിമകൾക്ക് പുറമെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് നടക്കുന്ന ചിത്രീകരണം ഉള്ളവയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. അമ്മ, ഫെഫ്ക, മാക്ട, പ്രൊഡ്യൂസേഴ്സ്, എന്നി സംഘടനകൾക്കൊപ്പം ഡബ്ല്യുസിസി കൂടി ഇരുന്നാണ് തീരുമാനം എടുത്തത്.

ഏപ്രിൽ 1 ഓടെ തീരുമാനം നടപ്പിലാക്കാമെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്. അമ്മയിൽ ഇതിനോടകം കമ്മിറ്റി നിലവിൽ വന്നു കഴിഞ്ഞു. വിശദമായ മാർഗരേഖ വരും. ഡബ്ല്യുസിസി നടത്തിയ വലിയ പോരാട്ടത്തെ തുടർന്നായിരുന്നു ആഭ്യന്തരപരാതി പരിഹാര കമ്മിറ്റി വേണമെന്ന് അടുത്തിടെ ഹൈക്കോടതി ഉത്തരവിട്ടത്. കേസി. വനിതാ കമ്മീഷനനും കക്ഷിചേർന്നിരുന്നു. ഡബ്ല്യുസിസി നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.

വേണം, ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ, നിർണായക വിധി

കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചേ തീരൂ എന്നാണ് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ എങ്ങനെയാകും ഈ ഉത്തരവിനോട് പ്രതികരിക്കുക എന്നതാണ് ഇനി പ്രധാനം. 

വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത്.