ശകുന്തള ദേവിയുടെ ഭര്‍ത്താവായ പരിതോഷ് ബാനര്‍ജിയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത് ബംഗാളി നടനാണ്. 

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവിന്റെ വേഷം അഭിനയിക്കുക ജിഷു സെൻഗുപ്‍തയാണ്. പരിതോഷ് ബാനര്‍ജി എന്ന കഥാപാത്രമായി അഭിനിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ജിഷു സെൻഗുപ്‍ത പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ബംഗാളി സിനിമ ലോകത്തെ ശ്രദ്ധേയനായ നടനാണ് ജിഷു സെൻഗുപ്‍ത. ശകുന്തള ദേവിയുടെ ഭര്‍ത്താവായ പരിതോഷ് ബാനര്‍ജിയുടെ കഥാപാത്രമായി എത്താൻ ജിഷുവാണ് യോജിച്ചതെന്ന് സംവിധായിക അനു മേനോനും പറയുന്നു.

സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ മകളായി അഭിനയിക്കുന്നത്.

മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇംപീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി.

ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.