"കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ’’ വൈജയന്തി മൂവിസ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ഇങ്ങനെയാണ്.

600 കോടി മുതൽ മുടക്കിൽ കഴിഞ്ഞ വർശം പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ വാണിജ്യ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി.' പ്രഭാസ് ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. കഴിഞ്ഞ ദിവസം കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോണിനെ പുറത്താക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ദീപികയുടെ പുറത്താവൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. നേരത്തെ സന്ദീപ് റെഡ്ഡി വങ്ക സമവിധാനം ചെയ്യാനിരിക്കുന്ന പ്രഭാസ് ചിത്രത്തിൽ നിന്നും ദീപിക പിന്മാറിയിരുന്നു.

ആദ്യ ഭാഗത്തിലെ പ്രതിഫലത്തിൽ നിന്നും 25 % വർദ്ധനവാണ് ദീപിക കൽക്കി രണ്ടാം ഭാഗത്തിന് വേണ്ടി ചോദിച്ചതെന്നാണ് ബോളിവുഡ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കണമെന്ന ആവശ്യവും ദീപിക മുന്നോട്ട് വെച്ചതായി പറയുന്നു. എന്നാൽ വളരെ സങ്കീർണമായ വിഎഫ്എക്സ് വർക്കുകൾ ചിത്രത്തിലുള്ളത് കൊണ്ട് തന്നെ ജോലി സമയം കുറയ്ക്കുന്നതിന് പകരം, ലക്ഷ്വറി കാരാവാൻ നൽകാമെന്ന് ദീപികയോട് നിർമ്മാതാക്കൾ പറഞ്ഞിരുന്നതായും ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദീപികയുടെ സഹായികളായി ഇരുപത്തിയഞ്ചോളം പേർ സെറ്റിലെത്തുമെന്നും ഇവർക്കെല്ലാം ആഡംബരമായ ഭക്ഷണവും താമസവും ആവശ്യപ്പെട്ടുവെന്നും, ആളുകളുടെ എണ്ണം കുറയ്ക്കാൻ പറഞ്ഞിട്ട് പോലും താരം അതിന് തയ്യാറായില്ലെന്നും ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു.

‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം വഴിപിരിയുവാൻ തീരുമാനിച്ചിരിക്കുകയാണ്. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ പിന്നീട് തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ’’ വൈജയന്തി മൂവിസ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ഇങ്ങനെയാണ്.

സ്പിരിറ്റിലെ പിന്മാറ്റം

പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ നിന്ന് നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണ്‍ പിന്മാറിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ താരത്തെ പ്രോജക്റ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പ്രതിദിനം എട്ട് മണിക്കൂര്‍ ആയി ജോലിസമയം നിജപ്പെടുത്തുക, കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായ 20 കോടിക്കൊപ്പം ചിത്രത്തിന്‍റെ ലാഭവിഹിതവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ദീപിക മുന്നോട്ടുവച്ചുവെന്നും ഇത് സംവിധായകനെ ചൊടിപ്പിച്ചുവെന്നും ദീപികയ്ക്ക് പകരം മറ്റൊരാളെ വെക്കാന്‍ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തി.

സ്പിരിറ്റില്‍ നിന്ന് പിന്മാറിയതായ വാര്‍ത്തകള്‍ എത്തിയതിന് ഏറെ വൈകാതെ ദീപിക പദുകോണ്‍ മറ്റൊരു ബി​ഗ് ബജറ്റ് ചിത്രത്തിലേക്ക് കരാര്‍ ആയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തനിക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നിയ ഈ അവസരം തന്നെയാണ് സ്പിരിറ്റ് ഒഴിവാക്കാന്‍ ദീപികയെ പ്രേരിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹം​ഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റ് ക്ലാഷ് കാരണം രണ്ട് ചിത്രങ്ങളും ദീപികയ്ക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് സ്പിരിറ്റ് ഒഴിവാക്കി അല്ലു- ആറ്റ്ലി ചിത്രം കമ്മിറ്റ് ചെയ്യാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

കാര്യം നേരെ പറയാതെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ദീപിക തടസവാദങ്ങളായി ദീപിക ഉന്നയിക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭാസിനൊപ്പം വിജയചിത്രമായ കല്‍ക്കി 2898 എഡിയില്‍ ദീപിക അഭിനയിച്ചിട്ടുണ്ട്. അല്ലു അര്‍ജുനൊപ്പം അഭിനയിച്ചിട്ടില്ലതാനും. അല്ലു അര്‍ജുന്‍റെ 22-ാമത്തെയും ആറ്റ്ലിയുടെ ആറാമത്തേതുമായ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍‌ പിക്ചേഴ്സ് ആണ്. അതേസമയം മറ്റ് ചില പ്രധാന നായികാ താരങ്ങളും ചിത്രത്തില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് അത്, എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക.

കൽക്കി രണ്ടാം ഭാഗം വരുന്നു

അതേസമയം 600 കോടി മുതൽമുടക്കിൽ നിർമ്മിച്ച കൽക്കി 1200 കോടിയാണ് ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. പ്രഭാസ് ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. മഹാഭാരതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദുൽഖർ സൽമാൻ ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കഥാപാത്രങ്ങളായി എത്തിയത്.

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 2027 ൽ ആയിരിക്കും രണ്ടാം ഭാഗത്തിന്റെ റിലീസ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സന്തോഷ് നാരായണൻ ആയിരുന്നു ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷമുള്ള പോസ്റ്റ് അപോകാലിപ്റ്റിക് ലോകമായിരുന്നു കൽക്കിയുടെ പശ്ചാത്തലം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News