അഭിനയരംഗത്ത് അത്രയ്ക്ക് സജീവമല്ലെങ്കിലും നൃത്തവും ഷോകളുമായി മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഉത്തര ഉണ്ണി. താന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് വെളിപ്പെടുത്തി അടുത്തിടെയാണ് ഊര്‍മിള ഉണ്ണിയുടെ മകളുകൂടിയായ താരം എത്തിയത്. ബിസിനസുകാരനായ നിതേഷ് നായരുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ഉത്തര പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അറിയിപ്പുമായി എത്തിയിരിക്കുകായണ് താരം. ലോകം മുഴുവന്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിവാഹത്തെ കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും വിശദീകരിക്കുകയാണ് ഉത്തര.

വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്നും ആഘോഷങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഉത്തര ഉണ്ണി ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചത്. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തുമെന്നും താരം കുറിച്ചു. ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ വിവാഹം.

കുറിപ്പിങ്ങനെ...

'കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ വിവാഹാഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. സ്ഥിതി ശാന്തമായ ശേഷം ആഘോഷങ്ങള്‍ നടത്തും. ടിക്കറ്റടക്കം ബുക്ക് ചെയ്ത് തയ്യാറായി നില്‍ക്കുന്നവരോട് ക്ഷമ ചോദിക്കുന്നു. നിശ്ചയിച്ച ദിവസം ക്ഷേത്രത്തില്‍ വച്ച് താലികെട്ട് മാത്രം നടത്തും. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ശ്രദ്ധയോടെ ആരോഗ്യം പരിപാലിക്കണം- '- ഉത്തര കുറിച്ചു.