നടി അശ്വതി ശ്രീകാന്ത് വിശദീകരണവുമായി വീഡിയോ പുറത്തുവിട്ടു.

പാലക്കാട് ജില്ലയിലെ സർക്കാർ സ്‍കൂളിൽ അധ്യാപകനോട് മോശമായി പെരുമാറുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തില്‍ നടി അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കുറിപ്പ് പലരും തെറ്റായി വ്യഖ്യാനിച്ചെന്നും തനിക്കെതിരെ പലരും രൂക്ഷവിമർശനങ്ങളുമായി രംഗത്ത് എത്തി എന്നും അശ്വതി പറയുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.

അധ്യാപകനെതിരെ കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ അശ്വതിയെ പോലുള്ളവര്‍ പിന്തുണയ്ക്കുന്നു എന്നാണ് ചിലര്‍ പറയുന്നതെന്നും തന്റെ പോസ്റ്റിനെ തെറ്റായി വ്യഖ്യാനിച്ചതു കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും താരം പറയുന്നു. ''പോസ്റ്റില്‍ എവിടേയും ആ കുട്ടിയുടെ പെരുമാറ്റത്തെ പിന്തുണച്ചിട്ടില്ല. കുട്ടിയുടെ പെരുമാറ്റത്തിന് ഒരു മൂലകാരണമുണ്ടാകും. അതിനെ അഡ്രസ് ചെയ്യാതെ എന്തൊക്കെ ചെയ്‍താലും ശരിയാകില്ല. ഇതുപോലുള്ള എല്ലാ കേസുകളിലും എന്താണ് ആ മൂലകാരണം എന്ന് അറിയണം. അത് കൂട്ടുകെട്ടുകളാണോ, എന്തെങ്കിലും തരത്തിലുള്ള അഭ്യൂസോ സബ്‌സ്റ്റന്‍സിന്റെ ഉപയോഗമാണോ, ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കണം. അതിന് മാതാപിതാക്കളുടേയും അധ്യാപകരുടേയും പങ്കാളിത്തം വേണം'', അശ്വതി വീഡിയോയിൽ പറഞ്ഞു.

''ആ കുട്ടിയെ എന്നോട് കൊണ്ടു പോയി വളര്‍ത്താനാണ് ചിലര്‍ പറഞ്ഞത്. ഞാന്‍ ഇപ്പോള്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നുണ്ട്. അവരെ നന്നായി വളര്‍ത്തിയാല്‍ പോരേ. കുറച്ചുകൂടെ ശ്രദ്ധ വേണം, സമൂഹം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ വീട്ടില്‍ കൊണ്ടു പോയി വളര്‍ത്തിക്കൊള്ളാം എന്നല്ല. പരസ്യമായി വധ ഭീക്ഷണി മുഴക്കിയാലും പിന്തുണയുണ്ടെന്നാണ് മറ്റൊരാൾ പറഞ്ഞത്. ഒരിക്കലുമല്ല. ആ കുട്ടിയുടെ പെരുമാറ്റത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല. പക്ഷെ അത് കറക്ട് ചെയ്യുമ്പോള്‍ ആ വ്യക്തിയെ തള്ളിക്കൊണ്ടല്ല കറക്ഷന്‍ നടത്തേണ്ടത്'', അശ്വതി കൂട്ടിച്ചേർത്തു.

പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‍കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥി സ്‍കൂളില്‍ വൈകിയാണ് വന്നത്. കുട്ടിയുടെ കയ്യില്‍ ഫോണും ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്‍തതിനാണ് അധ്യാപകനെതിരെ കുട്ടി ഭീഷണി മുഴക്കിയത്.

Read More: എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?, കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക