ജഗതിയുടെ പാട്ടിൽ പറയുന്നുതു പോലെ 'ഇളകിക്കുണുങ്ങിക്കുഴഞ്ഞുമറിയാതെ' തന്നെ സംസാരിക്കുന്നുവെന്നും അൻസിബ.
അൻസിബയ്‍ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. നേതൃനിരയിൽ ഉള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് അൻസിബയിൽ കണ്ടത് എന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ആവേശമില്ലാതെ, കൃത്യതയോടെ, വ്യക്തമായിട്ടാണ് അൻസിബ സംസാരിക്കുന്നത്. കൃത്യമായ രാഷ്ട്രീയബോധ്യമുള്ള ആവശ്യങ്ങളാണവർ ഉന്നയിക്കുന്നതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.
ശാരദക്കുട്ടിയുടെ കുറിപ്പ്
ആവേശമില്ലാതെ, കൃത്യതയോടെ, വ്യക്തമായിട്ടാണ് അൻസിബ സംസാരിക്കുന്നത്. നേതൃനിരയിൽ ഉള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് അൻസിബയിൽ കണ്ടത്. തുടങ്ങേണ്ടതെവിടെ എന്നും അവസാനിപ്പിക്കേണ്ടതെങ്ങനെ എന്നുമുള്ള ഉൾബോധ്യത്തോടെ ഉള്ള സംസാരം. വ്യക്തി വൈരാഗ്യമോ പരപുഛമോ ഇല്ലാതെ തന്നെ അതൊക്കെ ധാരാളമുള്ള വ്യക്തികളെ നേരിടുക ചെറിയ കാര്യമല്ല. ജഗതിയുടെ പാട്ടിൽ പറയുന്നുതു പോലെ 'ഇളകിക്കുണുങ്ങിക്കുഴഞ്ഞുമറിയാതെ' തന്നെ സംസാരിക്കുന്നു. കൃത്യമായ രാഷ്ട്രീയബോധ്യമുള്ള ആവശ്യങ്ങളാണവർ ഉന്നയിക്കുന്നത്.
A.M.M.A യിലെ പ്രശ്‌നങ്ങളെന്തായിരുന്നാലും ശരി അന്തസ്സോടെ സംസാരിക്കാനും നയിക്കാനും കഴിവുള്ളവർ അതിൻ്റെ തലപ്പത്തു വരട്ടെ.താരങ്ങൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടുന്ന ഇന്നത്തെ അവസ്ഥ മാറണം. അതിന്, ഒരു സിനിമയുടെ പേരിൽ പോലും അറിയപ്പെടാ തെ, ലക്കും ലഗാനുമില്ലാതെ സംസാരിച്ച് ആളാകാൻ നോക്കുന്നവരെ അകറ്റി നിർത്തണം.
ഇന്നലെ വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ താര സംഘടന അമ്മയുടെ ഭരണസമിതി രാജിവെച്ചിരുന്നു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചത്. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ അഡ്ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി ഗണേഷ് കുമാറടക്കം അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് താര സംഘടന കടക്കും.
ഇന്നലെ രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി ജെ പിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.
