അരുണാചൽ പ്രദേശിൽ ജനിച്ചു വളർന്ന നടി യമുനാ റാണി തന്‍റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് പറയുന്നു.
മലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് യമുനാ റാണി. ഒരു കാലത്ത് സിനിമ- സീരിയലുകളില്‍ നിറഞ്ഞു -നിന്ന താരം അവതരിപ്പിച്ച കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെ, യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും സീരിയലിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചാണ് യമുനാ റാണി പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.
''അരുണാചലിലാണ് ഞാൻ ജനിച്ചത്. എനിക്ക് മലയാളം അറിയില്ലായിരുന്നു. കേരളത്തിൽ സെറ്റിലാകുമെന്ന് ചിന്തിച്ചിട്ടേയില്ല. 18 വർഷം ഡാഡി ജോലി ചെയ്തു. പെട്ടെന്നൊരു സുപ്രഭാതത്തിൽ ബിസിനസ് തുടങ്ങി. ഡാഡിക്ക് ബിസിനസിനെക്കുറിച്ച് അറിവില്ല. ഓരോന്നായി ഫ്ലോപ്പായി. ഒന്നല്ല, പല ബിസിനസുകൾ. റെസ്റ്റോറന്റ് ബിസിനസിലാണ് അവസാനിച്ചത്. പിന്നെ ഡാഡി തളർന്ന് പോയി. ജീവിതത്തിൽ ഒരിക്കലും ചിന്തിക്കാത്ത പോക്കായിരുന്നു.
ആ സമയത്ത് അരുണാചലിൽ പുറത്ത് നിന്നുള്ള ആളുകളും അവിടത്തെ ആളുകളും തമ്മിൽ കുറേ പ്രശ്നങ്ങളുണ്ടായി. രണ്ട് പെൺകുട്ടികളായതിനാൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്ന് ഡാഡിക്ക് തോന്നി. അങ്ങനെ കേരളത്തിൽ വന്നു. ഞാൻ ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. മലയാളം ഞാൻ പഠിച്ചെടുത്തു. ഒരുപാട് അനുഭവങ്ങൾ ചെറുപ്പത്തിലേ ഉണ്ട്. കൊല്ലത്ത് ഡിടിപി സെന്ററിൽ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് വീട്ടിൽ ബുദ്ധിമുട്ടുകൾ തുടങ്ങി. അഭിനയ രംഗത്തേക്ക് വന്നപ്പോൾ കുടുംബം തല കുനിക്കേണ്ടി വരുന്ന ഒരു പ്രവൃത്തിയും മോളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്. ഞാൻ ജോലി ചെയ്ത് അച്ഛന്റെ കടങ്ങൾ വീട്ടി. ഡാഡി ഒരിടത്തും തലകുനിക്കരുത്, ഞാനുണ്ട് എന്ന് ഞാൻ ചെയ്ത് കാണിച്ചു. മാസത്തിൽ 30 ദിവസവും സീരിയലും സിനിമയുമായി ജോലി ചെയ്തു. കിട്ടുന്ന വരുമാനമെല്ലാം വീട്ടിലേക്ക് കൊടുത്തു. മമ്മി കാര്യങ്ങൾ നോക്കി. ആ സമയത്ത് എനിക്ക് കഥാപാത്രങ്ങൾ ചൂസ് ചെയ്യാൻ പറ്റിയില്ല. കിട്ടുന്ന റോളെല്ലാം ചെയ്തു. പണമായിരുന്നു മുഖ്യം'', യമുനാ റാമി അഭിമുഖത്തിൽ പറയുന്നു.

