"സാഹചര്യം സൃഷ്ടിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അതൊരു പ്രതീക്ഷയാണ്"

കൊവിഡില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്‍തവുമായി കന്നഡ സൂപ്പര്‍താരം യഷ്. കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് യഷിന്‍റെ സഹായം. ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നല്‍കുമെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

"നമ്മുടെ രാജ്യമെമ്പാടും അനവധിയായ ആളുകളുടെ ജീവിതമാര്‍ഗ്ഗം തകര്‍ത്ത അദൃശ്യശത്രുവാണ് കൊവിഡ് 19 എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. എന്‍റെ സ്വന്തം കന്നഡ സിനിമാ മേഖലയും ഏറെ മോശമായി ബാധിക്കപ്പെട്ടു. ഈ ഗുരുതരമായ സാഹചര്യത്തില്‍ കന്നഡ സിനിമാമേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് എന്‍റെ സമ്പാദ്യത്തില്‍ നിന്നും 5000 രൂപ വീതം ഞാന്‍ സംഭാവന ചെയ്യും. സാഹചര്യം സൃഷ്ടിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അതൊരു പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷ", യഷ് സോഷ്വല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 

View post on Instagram

അതേസമയം കെജിഎഫ് 2 ആണ് യഷിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ജൂലൈ 16ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണെങ്കിലും നിലവിലെ കൊവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റിയിട്ടുണ്ട്. ജൂലൈ 16ന് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കന്നഡ സിനിമയുടെ വിപണിക്ക് കുതിച്ചുചാട്ടമുണ്ടാക്കിയ ചിത്രത്തിന്‍റെ രണ്ടാംഭാഗം എന്ന നിലയ്ക്ക് പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധ ലഭിച്ചിട്ടുള്ള ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.