യാഷ് നായകനാകുന്ന 'ടോക്സിക്' നിർത്തിവെച്ചുവെന്നും സംവിധായിക ഗീതു മോഹൻദാസിനെ മാറ്റിയെന്നുമുള്ള വ്യാജപ്രചാരണങ്ങൾ നിർമ്മാതാക്കൾ തള്ളി. ചിത്രത്തിന്റെ റിലീസ് ഡേറ്റും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
യാഷ്- ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചുവെന്നും, ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളിൽ യാഷ് തൃപ്തനല്ലാത്തത് കൊണ്ട് സംവിധായികയായ ഗീതു മോഹൻദാസിനെ മാറ്റിയെന്നുമുള്ള വാർത്തകൾ വലിയ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. കന്നഡ മാധ്യമങ്ങളടക്കം നിരവധി സോഷ്യൽ മീഡിയ ഹാന്റിലുകളായിരുന്നു ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.
ഇത്തരത്തിലുള്ള ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും, യാഷ് നായകനാവുന്ന ടോക്സിക് മാറ്റിവെക്കുകയോ, വൈകുകയോ ചെയ്തിട്ടില്ലെന്നാണ് കെവിഎൻ പ്രൊഡക്ഷൻസ് എക്‌സിൽ പങ്കുവെച്ചിട്ടുള്ളത്,. അടുത്ത വർഷം ജനുവരിയോട് കൂടി സിനിമയുടെ എല്ലാ വർക്കുകളും പൂർത്തിയാവുമെന്നും, ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ടോക്സിക് ആഗോള റിലീസ് ആയി 2026 മാർച്ച് 16 നു തിയേറ്ററുകളിൽ എത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസിനും യാഷിന്‍റെ ഹോം ബാനറായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിനും ചേര്‍ന്നാണ് ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് എന്ന ചിത്രം നിർമ്മിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന പാൻ-ഇന്ത്യ ചിത്രമായിരിക്കും ഇത്. എന്നാൽ ചിത്രത്തിലെ നായിക ആരെണെന്നുള്ള വിവരം ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. കരീന കപൂർ, നയൻതാര, കിയാര അദ്വാനി എന്നിവരുടെ പേരുകൾ അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. അതേസമയം കെജിഎഫ് ചാപ്റ്റർ 2 ആയിരുന്നു യാഷിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യിലും യാഷ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
ഗീതു മോഹൻദാസിന്റെ മൂന്നാം ചിത്രം
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ടോക്സിക്. നേരത്തെ നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ 'മൂത്തോൻ' മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുകയും അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത ചിത്രമായിരുന്നു. 2014 ൽ നവാസുദ്ധീൻ സിദ്ധിഖി, ഗീതാഞ്ജലി ഥാപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ 'ലയേഴ്‌സ് ഡൈസ്' ആയിരുന്നു ഗീതു മോഹൻദാസിന്റെ ആദ്യ ഫീച്ചർ സിനിമ.

