മെഗാ ഹിറ്റ് ആയ ഏത് ചിത്രത്തിന്‍റെയും രണ്ടാംഭാഗത്തിന് ഉണ്ടാകുന്ന കാത്തിരിപ്പ് മാത്രമല്ല കന്നഡ സിനിമാപ്രേമികള്‍ക്ക് കെജിഎഫ് ചാപ്റ്റര്‍ 2നോട് ഉള്ളത്. അവരെ സംബന്ധിച്ച് കന്നഡ സിനിമയുടെ ചക്രവാളം തന്നെ വികസിപ്പിച്ച്, സംസ്ഥാനത്തിന് പുറത്തും ആ സിനിമാമേഖലയ്ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ചിത്രമാണ് കെജിഎഫ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ ചലനം സൃഷ്ടിച്ചിരുന്നു കെജിഎഫ്. അതിനാല്‍ത്തന്നെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ഓരോ പുതിയ അപ്‍ഡേഷനുകളും തെന്നിന്ത്യയൊട്ടാകെ വാര്‍ത്ത സൃഷ്ടിക്കാറുണ്ട്. ഇന്നിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്‍ഡേഷന്‍ പുറത്തെത്തിയിരിക്കുകയാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച്, പിന്നീട് പുനരാരംഭിച്ച കെജിഎഫ് 2 ചിത്രീകരണത്തിലേക്ക് നായകന്‍ യഷ് എത്തി എന്നതാണ് പുതിയ വിശേഷം. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്നതിനു ശേഷം ഓഗസ്റ്റ് 26നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നത്. എന്നാല്‍ യഷ് പങ്കെടുക്കുന്ന ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം പുനരാരംഭിച്ചത് ഇന്നാണ്. യഷിന്‍റെ ലൊക്കേഷന്‍ സ്റ്റില്ലുകളും അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. കടല്‍ക്കരയില്‍ അനന്തതയിലേക്ക് നോട്ടമയച്ച് നില്‍ക്കുന്ന നായക കഥാപാത്രമാണ് ഒരു ചിത്രത്തിലുള്ളത്.

 

90 ശതമാനം ചിത്രീകരണവും കൊവിഡ് എത്തുന്നതിനു മുന്‍പേ സംവിധായകന്‍ പ്രശാന്ത് നീല്‍ പൂര്‍ത്തിയാക്കിയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. നിലവില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. സഞ്ജയ് ദത്തിന് ഇനി മൂന്നുദിവസത്തെ ചിത്രീകരണം മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അറിയുന്നത്.