തിയറ്ററുകളില്‍ മികച്ച വിജയം നേടുന്ന ചിത്രം

മലയാള സിനിമയ്ക്ക് 2024 ല്‍ മികച്ച തുടക്കം നല്‍കിയിരിക്കുകയാണ് ഫെബ്രുവരി റിലീസുകള്‍. അക്കൂട്ടത്തില്‍ ജനപ്രീതിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രേമലു. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്‍ലെനും മമിതയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഫെബ്രുവരി 9 നാണ് തിയറ്ററുകളില്‍ എത്തിയത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. റിലീസ് ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു അപ്ഡേറ്റ് ഈ ചിത്രം സംബന്ധിച്ച് എത്തിയിരിക്കുകയാണ്.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ- വിതരണ കമ്പനിയായ യാഷ് രാജ് ഫിലിംസ് (യൈആര്‍എഫ്) ചിത്രത്തിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നു എന്നതാണ് അത്. ചിത്രം കണ്ട് യൈആര്‍എഫ് നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസിനെ വിദേശ വിതരണത്തിനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. ഫെബ്രുവരി 15 ന് യുകെയിലും യൂറോപ്പിലും ചിത്രം എത്തിയിരുന്നു. യാഷ് രാജ് ഫിലിംസ് ഇവിടുത്തെ വിതരണത്തിന്‍റെ മേല്‍നോട്ടത്തിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്‍റെ ഇവിടങ്ങളിലെ സ്ക്രീന്‍ കൗണ്ട് കാര്യമായി ഉയരുമെന്ന് ഉറപ്പാണ്.

1970 കള്‍ മുതല്‍ ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാണ രംഗത്തുള്ള യാഷ് രാജ് ഫിലിംസിന്‍റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത് സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3 ആണ്. കഴിഞ്ഞ വര്‍ഷത്തെ അവരുടെ ഏറ്റവും വലിയ ഹിറ്റ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആയിരുന്നു. 

അതേസമയം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

ALSO READ : 'തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രം'; 'അന്വേഷിപ്പിന്‍ കണ്ടെത്തും' റിവ്യൂവുമായി സിബി മലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം