ദുല്‍ഖര്‍ സല്‍മാന്റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ 'കുറുപ്പി'ന് ആശംസകളുമായി കെജിഎഫ് താരം യഷ്. 'കുറുപ്പി'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ മംഗളൂരുവില്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടത്. കൂടിക്കാഴ്ചയുടെ ചിത്രം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ദുല്‍ഖറിനൊപ്പമുള്ള ചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ് പുതിയ സിനിമയ്ക്കുള്ള ആശംസയും യഷ് പങ്കുവച്ചത്.

'എന്റെ നഗരത്തില്‍ വച്ച് ഇന്ന് അപ്രതീക്ഷിതമായി ഈ മികച്ച നടനെ കണ്ടുമുട്ടുകയായിരുന്നു. ബുദ്ധിശക്തിയുള്ള ഒരു അഭിനേതാവിന് വിനയം കൂടിയുണ്ടായാല്‍ അത് ദുല്‍ഖറായി! സിനിമയിലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് എപ്പോഴും ബഹുമാനം തോന്നിയിരുന്നു. നമ്മുടെ തലമുറയിലെ മികച്ച നടന്മാരില്‍ ഒരാള്‍. കുറുപ്പായി നിങ്ങള്‍ തകര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', യഷ് ഫേസ്ബുക്കില്‍ കുറിച്ചു. 

'കുറുപ്പ് റോക്കി ഭായ്‌യെ' കണ്ടുമുട്ടിയപ്പോള്‍ എന്ന വിശേഷണത്തോടെ ദുല്‍ഖറും യഷിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കാണാനായതില്‍ ഏറെ സന്തോഷമെന്നും അദ്ദേഹത്തിന്റെ അനുകമ്പയും ആതിഥേയത്വവും തന്നെ സ്പര്‍ശിച്ചുവെന്നും ദുല്‍ഖര്‍ കുറിച്ചു. കുറുപ്പിന്റെ അടുത്ത ഷെഡ്യൂളില്‍ വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയും ദുല്‍ഖര്‍ പങ്കുവച്ചു.