2023ൽ പുറത്തിറങ്ങിയ മികച്ച സിനിമകൾ ഇനിയും ഉണ്ടാകാം. അവ പ്രേക്ഷകർക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. 

ങ്ങനെ ഒരു വർഷം കൂടി കടന്നുപോകുകയാണ്. കൊവിഡിന്റെ പ്രതിസന്ധികൾക്ക് ശേഷം എല്ലാവരും നോക്കിയിരുന്ന വർഷം ആയിരുന്നു 2023. ജന ജീവിതത്തിൽ പലതരം മാറ്റങ്ങൾ സംഭവിച്ചു. നഷ്ടങ്ങളും സന്തോഷങ്ങളും ഭാ​ഗ്യങ്ങളും ഭാ​ഗ്യക്കേടുകളുമെല്ലാം ഒരുപോലെ വന്നു. അത്തരത്തിൽ മലയാള സിനിമയ്ക്ക് ഈ വർഷം നല്ലകാലം ആയിരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. ഏകദേശം നൂറിനടുത്ത് സിനിമകൾ 2023ൽ റിലീസ് ചെയ്തു. അതിൽ വിജയം നേടിയത് വിരലിൽ എണ്ണാവുന്നവ മാത്രം. പലസിനിമകളും തിയറ്ററിൽ വന്നതും പോയതും പോലും പലരും അറിഞ്ഞിട്ടില്ല താനും. എന്നിരുന്നാലും ഒരുപിടി കൊച്ചുവലിയ സിനിമകളുടെ മഹാവിജയം കാണാൻ മലയാളികൾക്ക് സാധിച്ചു എന്നത് വാസ്തവമാണ്. ബോക്സ് ഓഫീസിൽ വലിയ നേട്ടം കൊയ്തില്ലെങ്കിലും അവ പ്രേക്ഷക ഹൃദയം കീഴടക്കി. അതായത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റടിച്ച സിനിമകൾ. അത്തരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഏതാനും സിനിമകളെ പരിയപ്പെടാം. 

ചിരിപ്പിച്ച് കൊന്ന 'രോമാഞ്ചം'

ഒരിടവേളയ്ക്ക് ശേഷം മലയാളികളെ തിയറ്ററിൽ കുടുകുടെ ചിരിപ്പിച്ച സിനിമയാണ് രോമാഞ്ചം. ജിത്തു മാധവന്റെ സംവിധാനത്തിൽ ഫെബ്രുവരി 3ന് ആണ് ചിത്രം തിയറ്ററിൽ എത്തിയത്. തമിഴ്നാട് ബേയ്സ് ചെയ്ത് നടന്നൊരു യഥാർത്ഥ സംഭവം ഓജോ ബോഡും കോമഡിയും കൂടെ ആയപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ പൂരം. തിയറ്ററിൽ ചിരിപ്പൂരം ആയിരുന്നു പിന്നീട് മലയാളം കണ്ടത്. ന​വാ​ഗതർക്കൊപ്പം സൗബിനും അർജുൻ അശോകനും കൂടി തകർത്തഭിനയിച്ച ചിത്രം 2023ലെ ആദ്യ ഹിറ്റായി മാറി. 

വീണ്ടും ഓർമിപ്പിച്ച '2018'

കേരളം കണ്ട മഹാപ്രളയത്തിന്റെ കഥയുമായി സിനിമ എത്തുന്നെന്ന് അറിഞ്ഞപ്പോൾ അതെങ്ങനെ എന്നൊരു ചോദ്യം ഭൂരിഭാ​ഗം പേരുടെയും ഉള്ളിൽ നിഴലിട്ടിരുന്നു. എന്നാൽ, അന്ന് കേരളക്കര അനുഭവിച്ച തീവ്രത, അതിജീവനം അതേ രീതിയിൽ തന്നെ ഇന്ത്യയൊട്ടാകെ ഉള്ള പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ജുഡ് ആന്റണി ജോസഫ് എന്ന സംവിധായകന് സാധിച്ചു. ടൊവിനോ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ആസിഫ് അലി തുടങ്ങി യുവ-സീനിയർ താരങ്ങളാൽ സമ്പന്നമായിരുന്നു ചിത്രം. ഒരേക്കർ സ്ഥലത്ത് ടാങ്ക് നിർമിച്ച് ജൂഡും കൂട്ടരും കേരളക്കരയുടെ അതിജീവനം സ്ക്രീനിൽ എത്തിച്ചപ്പോൾ ഓരോ മലയാളിയുടെയും കണ്ണും മനവും നിറഞ്ഞു. എമ്പാടുമുള്ള തിയറ്ററുകളിൽ ജനസാ​ഗരം ഒഴുകി. ഒടുവിൽ ഇന്ത്യയുടെ ഔദ്യോ​ഗിക ഒസ്കര്‍ എൻട്രിയായി ചിത്രത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ബോക്സ് ഓഫീസിൽ 200കോടിയാണ് ചിത്രം കളക്ട് ചെയ്തത്. 

പിള്ളേര് അടിച്ചുനേടിയ 'ആർഡിഎക്സ്'

2018 കഴിഞ്ഞതോടെ മലയാളത്തിൽ ഒരു ട്രെന്റ് തുടങ്ങി. ഹൈപ്പോ വൻ പ്രമോഷനോ ഒന്നുമില്ലാതെ എത്തി ഹിറ്റടിക്കുന്ന സിനിമകൾ എന്നതായിരുന്നു അത്. അത്തരത്തിൽ തിയറ്ററിൽ എത്തി, വൻ ആക്ഷൻ ദൃശ്യവിരുന്ന് ഒരുക്കിയ സിനിമ ആയിരുന്നു 'ആർഡിഎക്സ്'. റോബർട്ട്, ഡോണി, സേവ്യർ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവരായിരുന്നു കേന്ദ്ര അഭിനേതാക്കൾ. ഒപ്പം മലയാളത്തിന്റെ ആക്ഷൻ കിം​ഗ് ബാബു ആന്റണി കൂടി ആയപ്പോഴേക്കും സിനിമ ഉഷാർ. അടുത്തകാലത്തൊന്നും ഇങ്ങനെയൊരു ആക്ഷൻ- ഇമോഷണൽ ​ഡ്രാമ കണ്ടിട്ടില്ലെന്ന് കാണികൾ ഒന്നടങ്കം പറഞ്ഞു. അവസാനം പിള്ളേര് എല്ലാവരും കൂടി അടിച്ചുനേടിയത് 100 കോടി ക്ലബ്ബും. 

2022ന് പിന്നാലെ 2023ഉം പേക്കറ്റിലാക്കിയ 'മമ്മൂട്ടിസം'

2022ൽ മികച്ച ഹിറ്റുകൾ സമ്മാനിച്ച ആളാണ് മമ്മൂട്ടി. 2023ലും മമ്മൂട്ടി ആ പതിവ് തെറ്റിച്ചില്ല എന്നത് പരസ്യമായ രഹസ്യമാണ്. മമ്മൂട്ടിയുടേതായി ഇതുവരെ റിലീസ് ചെയ്തത് മൂന്ന് ചിത്രങ്ങളാണ്. കാതൽ, കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ എന്നിവയാണ് അവ. മൂന്നിലും മൂന്ന് റോളുകൾ. ഇതിൽ ക്രിസ്റ്റഫർ വേണ്ടത്ര പ്രകടനം കാഴ്ചവച്ചില്ലെങ്കിലും കാതലും കണ്ണൂർ സ്ക്വാഡും വൻ ഹിറ്റായി മാറി. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങൾ തേടിയലയുന്ന മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് കഥാപാത്രമായി കാതലിലെ മാത്യു ദേവസി. സ്വവർ​ഗാനുരാ​ഗിയായ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി സ്ക്രീനിൽ തകർത്തപ്പോൾ പ്രേക്ഷകന്റെ മനവും കണ്ണും നിറഞ്ഞു. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിക ആണ് നായിക. സിനിമ നിലവിൽ പ്രദർശനം തുടരുകയാണ്. 

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു മികച്ച പൊലീസ് വേഷമായി മാറി ചിത്രത്തിലെ ജോർജ് മാർട്ടിൻ. അസീസ്, ശബരീഷ് വർമ, റോണി, വിജയരാഘവൻ, കിഷോർ തുടങ്ങിയവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ 85 കോടിയിലധികം സിനിമ നേടിയെന്നാണ് അനൗദ്യോ​ഗിക കണക്കുകൾ. കാതലും കണ്ണൂർ സ്ക്വാഡും നിർമിച്ചത് മമ്മൂട്ടി കമ്പനി ആണെന്ന പ്രത്യേകതയും ഉണ്ട്. 2024ലും മമ്മൂട്ടിക്ക് മികച്ച വർഷമാണ്. ഭ്രമയു​ഗം, ബസൂക്ക, ടർബോ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 

വിജയരാഘവന്റെ 'പൂക്കാലം'

നടൻ വിജയരാഘവൻ നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ച സിനിമയാണ് പൂക്കാലം. ഗണേഷ് രാജിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം തിയറ്ററില്‍ വേണ്ടത്ര പ്രകടനം കാഴ്ചവച്ചില്ലെങ്കിലും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. കെപിഎസി ലീല ആയിരുന്നു മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരും മുഖ്യ വേഷത്തിൽ എത്തിയിരുന്നു. 

പറന്നുയർന്ന ​'ഗരുഡൻ'

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ​ഗരുഡൻ. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം നവംബര്‍ 3 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ. അതുകൊണ്ട് തന്നെ മിനിമം ഗ്യാരന്‍റി ചിത്രമാകുമെന്ന് ഏവരും വിധി എഴുതിയിരുന്നു. അത് യാഥാര്‍ത്ഥ്യം ആകുകയും ചെയ്തു.. തിയറ്ററിൽ മാത്രമല്ല ബോക്സ് ഓഫീസിലും ഗരുഡന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ഗരുഡന് പ്രീ റിലീസ് ശ്രദ്ധ ലഭിച്ചു. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. 

മുകളിൽ പറഞ്ഞ സിനിമകളെ കൂടാതെ പ്രേക്ഷക പ്രശംസ നേടിയ മറ്റ് നിരവധി സിനിമകളും ഉണ്ട്. മധുര മനോഹര മോഹം, ഇരട്ട, പുരുഷ പ്രേതം, പാച്ചുവും അത്ഭുത വിളക്കും, ആയിരത്തൊന്ന് നുണകൾ, ഫാലിമി, വോയ്സ് ഓഫ് സത്യനാഥൻ, ബാന്ദ്ര തുടങ്ങിയവയാണ് ആ ചിത്രങ്ങൾ. 2023ൽ പുറത്തിറങ്ങിയ മികച്ച സിനിമകൾ ഇനിയും ഉണ്ടാകാം. അവ പ്രേക്ഷകർക്ക് പൂരിപ്പിക്കാവുന്നതാണ്.

സ്ത്രീധന സമ്പ്രദായം ഒടുങ്ങണം, സ്ത്രീയാണ് ധനം: ഡോ. ഷഹ്നയുടെ ആത്മഹത്യയിൽ സുരേഷ് ​ഗോപി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..