മലയാളികള്‍ യേശുദാസിന്റെ പാട്ടുകള്‍ കേള്‍ക്കാത്ത ദിവസമില്ല എന്ന് അതിശയോക്തിയാകില്ല. ഒരുകാലത്ത് എല്ലാ സിനിമകളിലും യേശുദാസിന്റെ പാട്ട് എന്ന രീതി എന്നുതന്നെയുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അവസം കിട്ടാത്തതിനാല്‍  എല്ലാ പാട്ടുകളും പാടുന്നില്ല, കച്ചേരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരിക്കല്‍ യേശുദാസ് തീരുമാനിച്ചിരുന്നു. അടുത്ത 10 വര്‍ഷത്തേയ്ക്ക് തരംഗിണി സ്റ്റുഡിയോയ്‍ക്ക് വേണ്ടി മാത്രമേ പാടൂ എന്നുമായിരുന്നു തീരുമാനം. എന്നാല്‍ യേശുദാസിന്റെ തീരുമാനം മാറ്റിയത് ഒരു മോഹൻലാല്‍ സിനിമയായിരുന്നു.

മോഹൻലാല്‍ സ്വന്തം കമ്പനിയായ പ്രണവം ആര്‍ട്‍സ് അക്കാലത്ത് രൂപീകരിച്ചിരുന്നു. പ്രണവം ആര്‍ട്‍സിന്റെ ബാനറില്‍ ഒരു സിനിമയ്‍ക്ക് വേണ്ടി രവീന്ദ്രൻ മാഷിനെയാണ് സംഗീത സംവിധായകനായി തീരുമാനിച്ചത്. സ്വാഭാവികമായും രവീന്ദ്രൻ മാഷ് ഗായകനായി യേശുദാസിനെയും തീരുമാനിച്ചു. എന്നാല്‍ മറ്റൊരു കമ്പനിക്ക് വേണ്ടി പാടില്ലെന്ന് യേശുദാസ് വ്യക്തമാക്കി. അങ്ങനെയെങ്കില്‍ താനും സംഗീത സംവിധാനം ചെയ്യുന്നില്ലെന്നായി രവീന്ദ്രൻ മാഷ്. ഒടുവില്‍ നിര്‍ബന്ധത്താല്‍ യേശുദാസ് രവീന്ദ്രൻ മാഷ് സംഗീതം നല്‍കിയ പാട്ടുകള്‍ കേട്ടു. അത് ഇഷ്‍ടപ്പെട്ട യേശുദാസ് പാടാൻ തയ്യാറാകുകയും ചെയ്‍തു. അടുത്തവര്‍ഷം പ്രണവം ആര്‍ട്‍സിന്റെ തന്നെ ഭരതത്തിലും യേശുദാസ് പാടി. രാമകഥാഗാനലയം എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‍കാരവും യേശുദാസിന് ലഭിച്ചു. രവീന്ദ്രൻ മാഷിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.