ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നത് സിനിമാ മേഖലയിലെ ദിവസവേതനക്കാരാണ്. തമിഴ് സിനിമാമേഖലയിലെ ലോക്ക് ഡൗൺ പ്രതിസന്ധികള്‍ മറികടക്കാന്‍ രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങിയവര്‍ സിനിമാസംഘടനയായ ഫെഫ്‌സിക്ക് ധനസഹായവുമായി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ യോഗി ബാബു.

തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്. ഈയടുത്താണ് യോ​ഗി ബാബുവിന്റെ വിവാഹം കഴി‍ഞ്ഞത്. വിവാഹ റിസപ്ഷന്‍ നേരത്തേ തീരുമാനിച്ച പ്രകാരം ആര്‍ഭാടമായി ഏപ്രില്‍ 9ന് നടക്കേണ്ടതായിരുന്നു. 

വിവാഹം പെട്ടെന്നു നടത്തിയതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം റിസപ്ഷന് തമിഴ്‌നാട് മുഖ്യമന്ത്രിയെ അടക്കം സിനിമാ മേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍, രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നീട്ടിവച്ചു. പകരം അതേ ദിവസം തന്നെയാണ് സത്പ്രവൃത്തി ചെയ്തുകൊണ്ട് താരം രം​ഗത്തുവന്നത്.