ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രം ഒടിടി റിലീസ് ആയി ഇന്നലെയാണ് എത്തിയത്

ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്‍ത ഏറ്റവും പുതിയ ചിത്രം 'ചുരുളി'ക്കെതിരെ (Churuli) പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് (Youth Congress). ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ശുദ്ധ തെമ്മാടിത്തരമാണ് ചിത്രമെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നുസൂര്‍ ആവശ്യപ്പെടുന്നു. ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റിന്‍റെ പോസ്റ്റ്.

എം എസ് നുസൂറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ദയവു ചെയ്‍ത് അസഭ്യം കേൾക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ ഈ വീഡിയോ കാണരുത്. ചിലർ ഇതിനെ ആവിഷ്‍കാര സ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്‍കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങൾ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും. 'ബിരിയാണി' സിനിമയ്ക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മൾ. സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയത് എന്ന് മനസിലാകുന്നില്ല. വിവാദമുണ്ടാക്കി മാർക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം. അതിന് സെൻസർ ബോർഡംഗങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടോ? എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കിൽ
OTT പ്ലാറ്റ്ഫോമിൽ വരുമ്പോൾ സെൻസർബോർഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോൾ മൊബൈലുകളാണെന്ന് ഓർക്കണം. 

സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമാണ് ചുരുളി. കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സോണി ലിവ് പ്ലാറ്റ്‍ഫോമിലൂടെ ഇന്നലെയായിരുന്നു റിലീസ്. വിനോയ് തോമസിന്‍റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ക്കൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അസഭ്യം കലര്‍ന്ന ഭാഷ പ്രമേയത്തിന്‍റെ ഭാഗമായിത്തന്നെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന മുന്നറിയിപ്പോടെയാണ് ഒടിടിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.