ബ്രാഡ് പിറ്റ് 'മേജര്‍ റോയ് മക്‌ബ്രൈഡ്' എന്ന ബഹിരാകാശ യാത്രികന്റെ റോളിലെത്തുന്ന ഹോളിവുഡ് ചിത്രം 'അഡാസ്ട്ര'യുടെ പുതിയ ട്രെയ്‌ലര്‍ പുറത്തെത്തി. തന്റെ അച്ഛനെ തേടി ബഹിരാകാശത്തേക്ക് നടത്തുന്ന യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ് കഥാപാത്രം. ടോമി ലീ ജോണ്‍സ് ആണ് ബ്രാഡ് പിറ്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി സ്‌ക്രീനില്‍ എത്തുന്നത്. ഒട്ടേറെ നിഗൂഢതകള്‍ അവശേഷിപ്പിക്കുന്നതായിരുന്നു ടോമിയുടെ കഥാപാത്രം അവസാനം നടത്തിയ ബഹിരാകാശ യാത്ര. ആ നിഗൂഢതകള്‍ അറിയാനും അച്ഛനെ കണ്ടെത്താനുമുള്ളതാണ് മേജര്‍ റോയ് മക്‌ബ്രൈഡിന്റെ യാത്ര.

'ദി ലോസ്റ്റ് സിറ്റി ഓഫ് സീ' സംവിധാനം ചെയ്ത ജെയിംസ് ഗ്രേ ആണ് 'അഡാസ്ട്ര' ഒരുക്കിയിരിക്കുന്നത്. റൂത്ത് നെഗ്ഗ, ലിവ് ടെയ്‌ലര്‍, ഡൊണാള്‍ഡ് സതര്‍ലാന്‍ഡ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 20ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.