'ഗപ്പി'ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി'യുടെ ടീസര്‍ പുറത്തെത്തി. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗബിന്‍ ഷാഹിറിനെ അവതരിപ്പിക്കുന്നതാണ് 1.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. സൗബിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നാവും ചിത്രത്തിലേതെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ.

പുതുമുഖം തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്ലിംഗിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ പ്രിയതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള കുടുംബചിത്രമെന്നാണ് അണിയറക്കാര്‍ 'അമ്പിളി'യെ വിശേഷിപ്പിച്ചിട്ടുള്ളത്. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും സിനിമ ചിത്രീകരിച്ചിട്ടുണ്ട്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് കിരണ്‍ ദാസ്. സംഗീതം വിഷ്ണു വിജയ്. ഓഗസ്റ്റ് റിലീസ്.