ക്രിക്കറ്റ് പശ്ചാത്തലമായി ഒരു സിനിമ കൂടി ഒരുങ്ങുകയാണ്; ദൂസര. പക്ഷേ ക്രിക്കറ്റ് താരത്തിന്റെ കഥ അതുപോലെ പറയുകയല്ല ചിത്രം ചെയ്യുന്നത്. ക്രിക്കറ്റ് സിനിമയുടെ ഭാഗമാകുകയാണ്. പ്രത്യേകിച്ച് ഗാംഗുലിയുടെ ഐതിഹാസികമായ ആഘോഷം. ആ ആഘോഷം ഉള്‍പ്പെടുന്ന രംഗവുമായി ദൂസരയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

ടീം ഇന്ത്യയുടെ നാറ്റ്‌വെസ്റ്റ്  കിരീടനേട്ടം കായികപ്രേമികളുടെ മനസ്സില്‍ എന്നുമുണ്ടാകും. അന്ന് ജെഴ്‍സി ഊരി ഗാംഗുലി വിജയം ആഘോഷിച്ച നിമിഷം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ടീം ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു വിജയം സ്വന്തമാക്കിയത്. അന്നത്തെ ആ രംഗമാണ് ട്രെയിലറില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. എങ്ങനെയാണ് ക്രിക്കറ്റ് ഇന്ത്യയെ മാറ്റിയത് എന്നതാണ് ഒരു പെണ്‍കുട്ടിയുടെ കാഴ‍ചപ്പാടിലൂടെ ചിത്രം പറയുന്നത്. ഗാംഗുലിയുടെ വിജയാഘോഷം എങ്ങനെയാണ് ഒരു തലമുറയെ മാറ്റിമറിച്ചത് എന്ന് സിനിമയുടെ ട്രെയിലറില്‍ സൂചിപ്പിക്കുന്നുമുണ്ട്.

ടീം ഇന്ത്യയെ അക്രമണോത്സുകതയോടെ ഗ്രൌണ്ടില്‍ പോരാടാൻ പ്രേരിപ്പിക്കുന്നതായിരുന്നു അന്നത്തെ ഐതിഹാസിക ആഘോഷത്തോടെ നായകൻ ഗാംഗുലി. ഗാംഗുലിയുടെ അന്നത്തെ ആ നീക്കം കരുത്തുറ്റതായിരുന്നു. നമ്മുടെ ചിന്താഗതിയില്‍ വലിയൊരു മാറ്റം വരുത്തിയതുമാണ്. പുരുഷാധിപത്യമുള്ള ഒരു കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ സിനിമയില്‍ പറയുന്നതും അത്തരം ഒരു മാറ്റമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പ്ലബിത ബോര്‍തകുര്‍, അങ്കുര്‍ വികല്‍, കൃഷ്‍ണ ഗോകനി, സമിധ  ഗുരു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.