മോഹന്‍ലാലിന്റെ ഓണച്ചിത്രം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ടീസര്‍ എത്തി. ഒരു മിനിറ്റും 15 സെക്കന്‍ഡും നീളുന്ന ടീസറില്‍ ചെെനീസ് ഭാഷ സംസാരിക്കുന്ന മോഹന്‍ലാലും കെപിഎസി ലളിതയും തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒപ്പം സലിംകുമാറിന്‍റെയും സിദ്ദിഖിന്‍റെയും തമാശകളും നിറം പകരുന്ന ടീസറാണ് ഇട്ടിമാണിയുടേതായി എത്തിയിരിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന 'വിന്‍റേജ് ലാലേട്ടന്‍' ഭാവങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയമായ 'ലൂസിഫറി'ന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഇട്ടിമാണി'. തൃശ്ശൂരാണ് സിനിമയുടെ പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'.

പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന നവാഗതരായ ജിബി, ജോജു എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്.

'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.