ന്യൂയോര്‍ക്ക്: ലോകമെങ്ങും തരംഗമായ അമേരിക്കന്‍ ടെലിവിഷന്‍ സീരിസ് ബ്രേക്കിംഗ് ബാഡ് ചലച്ചിത്രമാകുന്നു. നെറ്റ് ഫ്ലിക്സിലായിരിക്കും ചിത്രം എത്തുക. നേരത്തെ തന്നെ ബ്രേക്കിംഗ് ബാഡ് ചലച്ചിത്രമാകുന്നു എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ശരിവച്ച് നെറ്റ്ഫ്ലിക്സ് പടത്തിന്‍റെ അനൗണ്‍സ് ട്രെയിലര്‍ പുറത്തുവിട്ടു.

ഒക്ടോബര്‍ 11 നായിരിക്കും പടം നെറ്റ്ഫ്ലിക്സില്‍ റിലീസ് ആകുക. 2008 മുതല്‍ 2013 വരെ അമേരിക്കയിലെ എഎംസിയില്‍ പ്രക്ഷേപണം ചെയ്ത സീരിസാണ് ബ്രേക്കിംഗ് ബാഡ്. വാൾട്ടർ വൈറ്റ് എന്ന രസതന്ത്രം അധ്യാപകനാണ് അഞ്ച് സീസൺ നീളമുള്ള പരമ്പരയിലെ പ്രധാന കഥാപാത്രം. ശ്വാസകോശാർബുദം ബാധിച്ച വാൾട്ടർ തന്‍റെ കുടുംബത്തിന്റെ നില ഭദ്രമാക്കാൻ ജെസ്സി പിങ്ക്മെൻ എന്ന വിദ്യാർത്ഥിയുടെ കൂടെ തന്‍റെ രസതന്ത്ര അറിവ് ഉപയോഗിച്ച് മെതഫെറ്റമൈൻ എന്ന മയക്കുമരുന്ന് ഉണ്ടാക്കാന്‍ തുടങ്ങുന്നു. എന്നാൽ അതീവ നാടകീയ സംഭവങ്ങളിലേക്കാണ് ഇത് അയാളെ എത്തിക്കുന്നത്. ഇതാണ് ബ്രേക്കിംഗ് ബാഡിന്‍റെ ഉള്ളടക്കം.

ഇന്നും ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട സീരിസുകളുടെ റൈറ്റിംഗില്‍ ഒന്നാമതാണ് ഇപ്പോഴും ബ്രേക്കിംഗ് ബാഡ്. വിൻസ് ഗില്ലിഗന്റെ സൃഷ്ടിയാണ് ബ്രേക്കിംഗ് ബാഡ്. ഈ സീരിസിന്‍റെ മറ്റൊരു പതിപ്പായി ബെറ്റര്‍ കോള്‍ സോള്‍ എന്ന പരമ്പരയും പ്രക്ഷേപണം ചെയ്തിരുന്നു. എന്തായാലും ലോകമെങ്ങുമുള്ള ബ്രേക്കിംഗ് ബാഡ് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് സിനിമ ട്രെയിലറിന് നല്‍കുന്നത്.