ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റ ആദ്യ ടീസറിനു നേരത്തെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ ടീസറും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിരഞ്ജീവി സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി അഭിനയിക്കുന്ന ചിത്രത്തിന്റെ മലയാളം ടീസറിന് ശബ്‍ദം നല്‍കിയിരിക്കുന്നത് മോഹൻലാലാണ്.  തെലുങ്ക് ടീസറിന് ചിരഞ്ജീവിയുടെ സഹോദരൻ പവൻ കല്യാണാണ് ശബ്‍ദം നല്‍കിയിരിക്കുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്  സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.